നാളെമുതല്‍ പണം പിന്‍വലിക്കല്‍ ചെലവേറിയതാകും; എസ്ബിഐയില്‍ മാറ്റം, അറിയേണ്ടതെല്ലാം 

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍ .എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു.  ഒരു മാസത്തില്‍ നാലുതവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം. പരിധി അധികരിച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഇത് ബാധകമല്ല.

എസ്ബിഐ ശാഖകളിലൂടെയോ എടിഎമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാനാണ് അനുവദിക്കുക. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവന നിരക്ക് ഈടാക്കും. എല്ലാ എടിഎമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിന്‍വലിക്കലിനുമാണ് ഇത് ബാധകമാകുക. എന്നാല്‍ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുടമകള്‍ക്ക് പണം കൈമാറ്റവും മറ്റു ധനേതര ഇടപാടുകളും സൗജന്യമായി തുടരും. ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും സിഡിഎമ്മുകളിലും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താം.നാലു സൗജന്യ ഇടപാടുകള്‍ക്ക് ശേഷം എസ്ബിഐ എടിഎമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലൂടെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.  

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പത്ത് ചെക്കുകള്‍ സൗജന്യമായി നല്‍കും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും 25 ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും ഉപഭോക്താവ് നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിര്‍ന്ന പൗരരെ സേവന നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com