കേന്ദ്രത്തിന് 99,122 കോടി രൂപ കൂടി; മിച്ച തുക കൈമാറാന്‍ ആര്‍ബിഐ

കേന്ദ്രസര്‍ക്കാരിന് 99,122 കോടി രൂപ മിച്ച തുകയായി കൈമാറാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് 99,122 കോടി രൂപ മിച്ച തുകയായി കൈമാറാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒന്‍പത് മാസത്തെ മിച്ച തുക കൈമാറാനാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. 

രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി യോഗം അവലോകനം ചെയ്തു. ആഗോള, ദേശീയ തലങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ യോഗം ചര്‍ച്ച ചെയ്തു. സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരാന്‍ അടുത്തിടെ റിസര്‍വ് ബാങ്ക് നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ പുരോഗതിയും ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തി. 

ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള ഒന്‍പത് മാസത്തെ മിച്ച തുകയായി 99,122 കോടി രൂപ  കേന്ദ്രത്തിന് കൈമാറാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തില്‍ രാജ്യം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കൈമാറുന്ന തുക കേന്ദ്രസര്‍ക്കാരിന് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെയാണ് റിസര്‍വ് ബാങ്ക് അക്കൗണ്ടിംഗ് വര്‍ഷം പുതുക്കിയത്. നേരത്തെ ജൂലൈ-ജൂണ്‍ ആയിരുന്നു റിസര്‍വ് ബാങ്കിന്റെ കണക്കെടുപ്പ് വര്‍ഷം. ഇത് ഏപ്രില്‍- മാര്‍ച്ചായാണ് പുതുക്കിയത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള റിസ്‌ക് ഫണ്ട് 5.50 ശതമാനമായി നിലനിര്‍ത്താനും യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com