10 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി അദാര്‍ പൂനാവാല-  വീഡിയോ 

ഏകദേശം പത്തുകോടി രൂപ വില വരുന്ന ഫാന്റത്തിന്റെ എട്ടാം തലമുറ റോള്‍സ് റോയ്‌സാണ് അദാര്‍ പൂനാവാലയുടെ പുതിയ കാര്‍
അദാര്‍ പൂനാവാല, റോള്‍സ് റോയ്‌സ് ഫാന്റം
അദാര്‍ പൂനാവാല, റോള്‍സ് റോയ്‌സ് ഫാന്റം

ഡംബര കാറായ റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല. ഏകദേശം പത്തുകോടി രൂപ വില വരുന്ന ഫാന്റത്തിന്റെ എട്ടാം തലമുറ റോള്‍സ് റോയ്‌സാണ് അദാര്‍ പൂനാവാലയുടെ പുതിയ കാര്‍. സൂപ്പര്‍കാറുകളുടേയും ആഡംബര കാറുകളുടേയും നീണ്ട നിര തന്നെയുള്ള അദാര്‍ പൂനവാലയുടെ രണ്ടാമത്തെ ഫാന്റം 8 എസ്ഡബ്ല്യുബി (ഷോര്‍ട്ട് വീല്‍ ബെയിസ്) ആണ് ഇത്. 2019 ലാണ് ആദ്യ ഫാന്റം 8 സ്വന്തമാക്കിയത്.

കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. സൈറസ് പൂനവാലയുടെ മകനാണ് അദാര്‍. വാഹന ചരിത്രത്തില്‍ ഇതിഹാസ മാനങ്ങളുള്ള ഫാന്റത്തിന്റെ എട്ടാം തലമുറ റോള്‍സ് റോയ്‌സ് അനാവരണം ചെയ്തത് 2017ലാണ്. ആഡംബരത്തിനും സ്ഥലസൗകര്യത്തിനും വിലയ്ക്കും മാത്രമല്ല ശബ്ദരഹിതമായ പ്രവര്‍ത്തനത്തിനും കീര്‍ത്തി കേട്ട ഫാന്റത്തിന്റെ ആദ്യമോഡല്‍ പുറത്തിറങ്ങിയത് 1925ലാണ്.

റോള്‍സ് റോയ്‌സ് ഫാന്റം എട്ട്

അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായാണ് റോള്‍സ് റോയ്‌സ് ഫാന്റം എട്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. റോള്‍സ് റോയ്‌സ് ശ്രേണിയിലെ ഏറ്റവും ശബ്ദശല്യം കുറഞ്ഞ കാറെന്ന പെരുമ പേറുന്ന ഫാന്റം 8നു കരുത്തേകുക 6.75 ലിറ്റര്‍, വി 12, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 571 ബി എച്ച് പി വരെയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. പരമാവധി ടോര്‍ക്കാവട്ടെ 900 എന്‍എം വരെയും. മണിക്കൂറില്‍ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

ഏതു വേഗത്തിലും കൃത്യതയാര്‍ന്ന ഗീയര്‍മാറ്റം സാധ്യമാക്കാന്‍ ഉപഗ്രഹസഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോള്‍സ് സെഡ് എഫ് എട്ടു സ്പീഡ് ഗീയര്‍ബോക്‌സാണു കാറിലുള്ളത്. വ്യതിയാനങ്ങളില്ലാത്ത കുതിപ്പും മുന്നേറ്റവും ഉറപ്പാക്കാന്‍ കൃത്യമായ ഭാരവും ചലനവും തിരിച്ചറിയാന്‍ പ്രാപ്തിയുള്ള പുത്തന്‍ ഷാസിയിലാണു കാറിന്റെ നിര്‍മാണം. അകത്തളമാവട്ടെ ആര്‍ഭാഡ സമൃദ്ധമാണ്. ഉള്ളില്‍ കയറി ഡോര്‍ ഹാന്‍ഡിലിലെ സെന്‍സറില്‍ സ്പര്‍ശിച്ചാല്‍ വാതില്‍ താനെ അടയും. 

നിലവിലുള്ള 'ഫാന്റ'ങ്ങളെ കടത്തിവെട്ടുന്ന സുഖവും സൗകര്യവും പ്രദാനം ചെയ്യുംവിധമാണു പുത്തന്‍ സീറ്റുകളുടെ രൂപകല്‍പന. വിസ്‌കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ന്‍ ഫ്‌ളൂട്ടുകളും കൂള്‍ ബോക്‌സുമൊക്കെ സൂക്ഷിക്കാന്‍ ഡ്രിങ്ക്‌സ് കാബിനറ്റും സജ്ജമാണ്.സുരക്ഷാവിഭാഗത്തിലാവട്ടെ നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൂട്ടിയിടിയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്ന കൊളീഷന്‍ വാണിങ്, കാല്‍നടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയന്‍ വാണിങ്, ക്രോസ് ട്രാഫിക് വാണിങ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ ലെയ്ന്‍ ചേഞ്ചിങ് വാണിങ് എന്നിവയൊക്കെ കാറില്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com