ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; വിമാന കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി 

ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കാന്‍ ഡിജിസിഎയുടെ അനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കാന്‍ ഡിജിസിഎയുടെ അനുമതി. ക്യാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി. ഇതോടെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നടത്താനുള്ള സാധ്യത വര്‍ധിച്ചു.

നിലവില്‍ ക്യാബിന്‍ ബാഗേജായി ഏഴു കിലോ വരെയാണ് അനുവദിച്ചിരിക്കുന്നത്. ചെക്ക് ഇന്‍ ബാഗേജായി 15 കിലോ വരെ കൊണ്ടുപോകാം. അധിക തൂക്കത്തിന് നിരക്ക് ഈടാക്കുന്നുണ്ട്. ക്യാബിന്‍ ബാഗേജ് മാത്രമായോ ബാഗേജ് ഒന്നുമില്ലാതെയോ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാനുള്ള സാധ്യതയാണ് ഡിജിസിഎയുടെ സര്‍ക്കുലറിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി. ഇത് പ്രയോജനപ്പെടുത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ബാഗേജിന്റെ തൂക്കം യാത്രക്കാര്‍ പ്രഖ്യാപിക്കേണ്ടി വരും.

ഡിജിസിഎയുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിമാന കമ്പനികള്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിക്കേണ്ടി വരും. ബാഗേജ് ഉപയോഗിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക നിരക്ക് കമ്പനികള്‍ നിശ്ചയിക്കേണ്ടി വരും. മുന്‍ഗണനാ സീറ്റ്, വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യല്‍ തുടങ്ങിയ മറ്റു സര്‍വീസുകള്‍ക്കുള്ള നിരക്ക് നിശ്ചയിക്കാനും വിമാന കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com