മൊബൈല്‍ ഉപയോഗത്തിന് പ്രത്യേക പ്ലാനുമായി ആമസോണ്‍ പ്രൈം, പ്രതിമാസം 89 രൂപ മാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 04:27 PM |
Last Updated: 13th January 2021 04:27 PM | A+A A- |

ഫയല്‍ ചിത്രം
സിനിമകളും കായിക മത്സരങ്ങളുമടക്കമുള്ളവയുടെ പ്രദര്‍ശനാനുമതി നേടി കൂടുതല്‍ ഉപഭോക്താക്കളെ നേടാനുള്ള മത്സരത്തിലാണ് ആമസോണും നെറ്റ്ഫഌക്‌സും വോള്‍ട്ട് ഡിസ്‌നിയുമടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍. മികച്ച സേവനങ്ങള്‍ ലഭ്യമാക്കി ആളുകളെ ആകര്‍ഷിക്കാനുള്ള വഴികളാണ് ഇവര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മൊബൈല്‍ ഉപയോഗത്തിന് മാത്രമായി പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം.
എയര്‍ടെല്‍ പ്രീപെയിഡ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ സൗകര്യം ലഭിക്കുക. 89 രൂപയുടെ സിംഗിള്‍ യൂസര്‍ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 30 ദിവസം ഫ്രീ ട്രയലും ലഭ്യമാണ്. കുടുതല്‍ ഉപഭോക്താക്കളെ നേടിയെടുക്കാനുള്ള ശ്രമമാണ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായുള്ള ആമസോണിന്റെ പുതിയ ഓഫര്‍.
സ്ട്രീമിങ് പ്ലാനിനൊപ്പം ആറ് ജിബി ഡാറ്റയും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ഇത് മറ്റ് ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാം. എയര്‍ടെല്‍ ആപ്പില്‍ നിന്നും റീടെയില്‍ ഔട്ട്‌ലറ്റുകളില്‍ നിന്നും പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാനാകും.