ആധാറിലെ പേര്, മേല്‍വിലാസം, ജനനതീയതി എന്നിവ മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ മാറ്റാനാണ് ക്രമീകരണം ഒരുക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ആധാര്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറി കഴിഞ്ഞു. ഔദ്യോഗികമായ ഏതൊരു കാര്യത്തിനും ആധാര്‍ ചോദിക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 

വീട് മാറുമ്പോഴും മറ്റും മേല്‍വിലാസം മാറുന്നത് പതിവാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റത്തിന് അനുസരിച്ച് ആധാറിലെ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് തലവേദനയാണ് എന്ന് കരുതുന്നവര്‍ക്ക് തെറ്റി. ആധാറിലെ വിവരങ്ങള്‍ എളുപ്പം മാറ്റാന്‍ യുഐഡിഎഐ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വിവരങ്ങളില്‍ മാറ്റം വരുത്താനുള്ള സംവിധാനമാണ് ഒരുക്കിയത്.

സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ മാറ്റാനാണ് ക്രമീകരണം ഒരുക്കിയത്. ഇതിലൂടെ പേര്, ജനനതീയതി,മേല്‍വിലാസം  ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വരുത്താം. അതേസമയം മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ബയോമെട്രിക്‌സ് വിവരങ്ങളായ വിരലടയാളം, നേത്രപടലം, തിരിച്ചറിയല്‍ ഫോട്ടോ, തുടങ്ങി മറ്റു വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ തൊട്ടടുത്തുള്ള ആധാര്‍ പെര്‍മെനന്റ് എന്റോള്‍മെന്റ് കേന്ദ്രത്തില്‍ പോകണം. പേര് ജീവിതത്തില്‍ രണ്ടുതവണ മാത്രമേ മാറ്റാന്‍ സാധിക്കൂ. അക്ഷരതെറ്റ് ഉള്‍പ്പെടെ ചെറിയ പിഴവുകളും എളുപ്പം മാറ്റാം. ജനനതീയതി ഓണ്‍ലൈന്‍ വഴി ഒരു തവണ മാത്രമേ തിരുത്താന്‍ സാധിക്കൂ. മേല്‍വിലാസം മാറ്റുന്നതിന് പരിധിയില്ല.

 സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടലില്‍ 'പ്രോസിഡ് ടു അപ്‌ഡേറ്റ് ആധാറില്‍' ക്ലിക്ക് ചെയ്താണ് ഓണ്‍ലൈന്‍ വഴി തിരുത്തലുകള്‍ വരുത്തേണ്ടത്. ആധാര്‍ നമ്പര്‍ കൊടുത്ത ശേഷം ഒടിപി നമ്പര്‍ ലഭിക്കും. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് മുന്നോട്ട് പോകാവുന്ന വിധമാണ് സംവിധാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com