പുതുതലമുറ എസ്‌യുവിയുമായി മഹീന്ദ്ര, കുറഞ്ഞവില, കീലെസ് എന്‍ട്രി, എക്കോ ഡ്രൈവിങ് മോഡ്; 'ബൊലെറോ നിയോ', അറിയേണ്ടതെല്ലാം

കുറഞ്ഞ വിലയില്‍ പുതുതലമുറ മാറ്റങ്ങളുമായി പുതിയ എസ്‌യുവി പുറത്തിറക്കി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര
ബോലെറോ നിയോ/ image credit: mahindra
ബോലെറോ നിയോ/ image credit: mahindra

മുംബൈ: കുറഞ്ഞ വിലയില്‍ പുതുതലമുറ മാറ്റങ്ങളുമായി പുതിയ എസ്‌യുവി പുറത്തിറക്കി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര. ബോലെറോയുടെ പരിഷ്‌കരിച്ച പതിപ്പായ ബോലെറോ നിയോയാണ് മഹീന്ദ്ര അവതരിപ്പിച്ചത്. 8.48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 

ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട ഭാരത് സ്റ്റേജ് ആറാം ഘട്ടം വ്യവസ്ഥകള്‍ കഴിഞ്ഞവര്‍ഷം നിലവില്‍ വന്നതിനെ തുടര്‍ന്ന് മഹീന്ദ്ര നിര്‍മ്മിച്ച മറ്റൊരു എസ് യുവിയായ ടിയുവി 300 വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ബോലെറോ നിയോ ഇതിന്റെ പരിഷ്‌കരിച്ച രൂപമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.  ഭാരത് സ്റ്റേജ് നാലില്‍ നിന്ന് ആറിലേക്ക് എത്തിയിട്ടും വാഹനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഇതുവരെ മഹീന്ദ്ര വരുത്തിയിരുന്നില്ല. എന്നാല്‍ ഇത് പുതുതലമുറ വാഹനമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

ഏഴുപേര്‍ക്ക് സുഗമമമായി യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനത്തിന് ഏറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്. കാര്യമായ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന വാഹനമാണ് ബോലെറോ എന്ന് കമ്പിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയ് പറയുന്നു. നവീന മാറ്റങ്ങളാണ് പുതിയ എസ് യുവിയില്‍ വരുത്തിയിരിക്കുന്നത്. രാജ്യത്തെ പത്തു എസ് യുവികളില്‍ ഒന്നായി ബോലെറോ ബ്രാന്‍ഡിനെ നിലനിര്‍ത്താന്‍ നിയോ വഴി സാധിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

നാലു വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിച്ചത്. എന്‍ ഫോര്‍, എന്‍ ടെന്‍ തുടങ്ങി നാലു വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചത്. ആധുനിക രീതിയിലുള്ള ഹെഡ്‌ലാമ്പ് ഇതിന്റെ ആകര്‍ഷണമാണ്. മുന്‍വശത്തെ ബമ്പറില്‍ അടക്കം ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. മുന്‍പിലെ ഗ്രില്ലില്‍ ആറ് പാളികളുണ്ട്.ഫോഗ് ലാമ്പ്, ടെയില്‍ ലാമ്പ്, എക്‌സ് ആകൃതിയിലുള്ള റിയര്‍ വീല്‍ കവര്‍, റിയര്‍ ബമ്പര്‍ തുടങ്ങി വിവിധ ഘടകങ്ങളുടെ രൂപകല്‍പ്പനയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ അടക്കം നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, എക്കോ ഡ്രൈവിങ് മോഡ്, ഇലക്ട്രോണിക് സ്റ്റാര്‍ട്ട്- സ്‌റ്റോപ്പ് അടക്കം പുതുതലമുറ വാഹനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

1.5 ലിറ്റര്‍ ഡീസര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചത്. 99 ബിഎച്ച്പി ഇതിന് കരുത്തുപകരും. ഫൈവ് സ്പീഡ് മാന്യൂല്‍ ഗിയര്‍ ബോക്‌സാണ് ഇതില്‍ ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com