പെഗാസസ് നി‌ങ്ങളുടെ ഫോണിൽ കയറിക്കൂടിയോ! എങ്ങനെ അറിയാം? സുരക്ഷ ഉറപ്പാക്കാൻ ചില എളുപ്പവഴികൾ 

റൂട്ടിങ് അല്ലെങ്കിൽ ജെയിൽബ്രേക്കിങ് വഴിയാണ് പെഗാസസ് ഫോണിന്റെ നിയന്ത്രണം നേടിയെടുക്കുന്നത്
എക്‌സ്പ്രസ് ഇല്ലുസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇല്ലുസ്‌ട്രേഷന്‍

ഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വന്‍തോതില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്, ചാര സോഫ്റ്റ്വെയര്‍ ആയ പെഗാസസ്.
ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് നിരവധി പ്രമുഖരുടെ വിവരങ്ങൾ ചോർത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ തന്നെ മന്ത്രിസഭാം​ഗങ്ങളുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുമടക്കം വിവരങ്ങൾ ചോർത്തിയെന്നാണ് പുറത്തുവ‌രുന്ന സൂചനകൾ. 

പെഗാസസ് എങ്ങനെ ഫോണിലെത്തും? 

പെഗാസസ് സപൈവെയർ ഫോണിൽ കടന്നുകൂടുന്നത് സങ്കീർണ്ണമായ പ്രക്രിയയൊന്നുമല്ല. ഒരു വൈബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഉൾപ്പെട്ട കൃത്യമായി തയ്യാറാക്കിയ ഒരു മെസേജ് ആണ് ആദ്യത്തെ തന്ത്രം. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലേക്ക് ചാര പ്രോഗ്രാം കടന്നുകൂടും. ഫോണിന്റെ പൂർണ്ണ നിയന്ത്രണം നേടിയെടുക്കുകയാണ് ഇതിന്റെ ദൗത്യം. 

റൂട്ടിങ് അല്ലെങ്കിൽ ജെയിൽബ്രേക്കിങ് വഴിയാണ് പെഗാസസ് ഫോണിന്റെ നിയന്ത്രണം നേടിയെടുക്കുന്നത്.  ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ വിവിധ ആൻഡ്രോയിഡ് സബ്‌സിസ്റ്റത്തിൽ പ്രത്യേക നിയന്ത്രണം നേടാൻ അനുവദിക്കുന്ന പ്രക്രിയയാണ് റൂട്ടിംഗ്. അഡ്മിനിസ്‌ട്രേറ്റർ തലത്തിലെ അനുമതികൾ ആവശ്യമുള്ള പ്രത്യേക ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവ് റൂട്ടിംഗ് നൽകും. ആപ്പിൾ ഉപകരണങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ ഒ എസ്സിൽ കമ്പനി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ എടുത്തു കളയുന്ന പ്രക്രിയയാണ് ജെയിൽബ്രേക്കിങ്. ആപ്പിൾ ആപ്പ് സ്‌റ്റോറിൽ ലഭ്യമല്ലാത്ത പല സേവനങ്ങളും ഇതുവഴി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. റൂട്ടിങ്ങും ജെയിൽബ്രേക്കിങ്ങും ആൻഡ്രോയിഡ്, ഐ ഒ എസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഉള്ള സുരക്ഷാ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നവയാണ്. 

ആപ്പിളോ ആൻഡ്രോയിഡോ സുരക്ഷിതം!

പൊതുവെ ആപ്പിൾ ഉപകരണങ്ങൾ ആൻഡ്രോയിഡിനേക്കാൾ സുരക്ഷിതമാണെന്ന് പറയുമെങ്കിലും രണ്ടും 100ശതമാനം സുരക്ഷിതമാണെന്ന് അർത്ഥമില്ല. ആപ്പിൾ ഉപകരണങ്ങളിൽ ഇടയ്ക്കിടെ പുതിയ ഐഒഎസ് പതിപ്പ് സ്വയം അപ്‌ഡേറ്റ് ആകുമെന്നതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. എന്നിരുന്നാലും ഇരു പ്ലാറ്റഫോമുകളിലും വിട്ടുവീഴ്ചകൾക്ക് സാധ്യതയുണ്ട്. ഒരു ഐഒഎസ് മാൽവെയർ സൃഷ്ടിക്കാൻ കൂടുതൽ സമയവും പ്രയത്‌നവും പണവും ആവശ്യമാണ്. അതേസമയം ഒരുപാട് ഉപകരണങ്ങൾ ഒരേ തലത്തിൽ പ്രവർത്തിക്കുന്നതിനാൽ സൃഷ്ടിക്കുന്ന മാൽവെയറിന്റെ വിജയം ഉറപ്പാക്കാൻ എളുപ്പമാണ്. അതേസമയം ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ഹാർഡ് വെയറും സോഫ്റ്റ് വെയറും പല ഉപകരണങ്ങളിലും വ്യത്യസ്തമായതിനാൽ ഒറ്റ മാൽവെയർ ഫലപ്രദമായ രീതിയിൽ ചെയ്‌തെടുക്കക ബുദ്ധിമുട്ടേറിയതാകും.

പെ​ഗാസസിനെ എങ്ങനെ കണ്ടെത്താം?

ഇതിനോടകം അരലക്ഷത്തോളം ഫോണുകളിലെ വിവരങ്ങൾ ചോർത്തിയെന്നാണ് പറയുന്നത്. പൊതുവെ ഇത്തരം സ്‌പൈവെയറുകൾ ഒരു ഉപകരണത്തിൽ പ്രവേശിച്ചാൽ മറഞ്ഞിരിക്കുകയാണ് ചെയ്യുക. എന്നാൽ നിങ്ങളുടെ ഫോണിൽ സ്‌പൈവെയർ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാനുള്ള എളുപ്പമാർഗ്ഗം ഒരു എംവിടി കിറ്റ ആണ്. മൊബൈൽ വേരിഫിക്കേഷൻ ടൂൾകിറ്റ് ആണിത്. ഇത് മൊബൈലിലെ ബാക്കപ്പ് പരിശോധിച്ച് ഫയലുകളും കോൺഫിഗറേഷനും മനസ്സിലാക്കും. എന്തെങ്കിലും തരത്തിൽ സ്‌പൈവെയറുകൾ പ്രവേശിച്ചിട്ടുണ്ടെങ്കിൽ ഈ പരിശോധനയിൽ അതിന്റെ തെളിവുകൾ ലഭിക്കും. 

ഫോൺ സുക്ഷിതമാക്കാൻ ചില വഴികൾ

പെഗാസസ് പോലുള്ള സ്‌പൈവെയർ അറ്റാക്കിൽ നിന്ന് ഭൂരിഭാഗം ആളുകളും സുരക്ഷിതരായിരിക്കുമെങ്കിലും സമാനമായ ഹാക്കിങ് രീതികളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ചില നിസാര വഴികളിലൂടെ സാധിക്കും. 

  •      അറിയാവുന്ന ഉറവിടങ്ങളിൽ നിന്നോ ആളുകളിൽ നിന്നോ ലഭിക്കുന്ന ലിങ്കുകൾ മാത്രം തുറക്കുക. 
  •     നിങ്ങളുടെ ഫോൺ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. 
  •     ഫോണുമായുള്ള ഫിസിക്കൽ ആക്‌സസ് കുറയ്ക്കുകയും പിൻ, ഫിങ്കർ, ഫേസ് ലോക്ക് സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. 
  •     പൊതുഇടങ്ങളിൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ സേവനങ്ങൾ പരമാവധി ഒഴിവാക്കണം, പ്രത്യേകിച്ചും പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ പരിശോധിക്കുമ്പോൾ ഇത്തരം സേവനങ്ങൾ ഉപയോഗിക്കരുത്. 
  •     മൊബൈലിലെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യണം. ഇതോടൊപ്പം റിമോട്ട് വൈപ് ഫീച്ചറുകൾ സാധ്യമാകുന്നിടത്തെല്ലാം എനേബിൾ ചെയ്തിടണം. ഫോൺ മോഷണം പോയാലോ നഷ്ടപ്പെട്ടാലോ അതിലുള്ള വിവരങ്ങൾ സുരക്ഷിതമാക്കാൻ ഇതുവഴി കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com