ശ്രദ്ധിക്കുക!, മറ്റന്നാള്‍ മുതല്‍ ഈ എട്ടുകാര്യങ്ങളില്‍ മാറ്റം വരും

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ പലകാര്യങ്ങളിലും മാറ്റങ്ങള്‍ വരികയാണ്. അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ നടപ്പുസാമ്പത്തിക വര്‍ഷത്തെ അവസാന ദിനമായ മാര്‍ച്ച് 31 നികുതിദായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇവ ഓരോന്നും ചുവടെ.

1. 2019-20 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. നിരവധി തവണകളായി നീട്ടിയാണ് കാലാവധി മാര്‍ച്ച് 31ല്‍ എത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ വൈകിയതിന് പിഴ ഒടുക്കി മാര്‍ച്ച് 31നകം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

2. 2019-20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക്, പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഈ സമയപരിധിക്കുള്ളില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി സമര്‍പ്പിക്കാവുന്നതാണ്.

3. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കും. മാര്‍ച്ച് 31ന് ശേഷവും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും.

4. 2020-21 സാമ്പത്തികവര്‍ഷത്തിലെ നികുതി ഇളവുകള്‍ക്കായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കാലാവധിയും മാര്‍ച്ച് 31ന് അവസാനിക്കും. നികുതി ഇളവ് ലഭിക്കാന്‍ വിവിധ നിക്ഷേപ പദ്ധതികളില്‍ ഈ മാസം 31നകം ചേരാവുന്നതാണ്.

5. പിഎഫിലുള്ള ജീവനക്കാരന്റെ വാര്‍ഷിക നിക്ഷേപം രണ്ടരലക്ഷത്തിന് മുകളിലാണെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പലിശയിന്മേല്‍ നികുതി ഈടാക്കും. ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

6. റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഉയര്‍ന്ന തോതിലുള്ള ടിഡിഎസും ടിസിഎസും ഏപ്രില്‍ ഒന്നുമുതല്‍ പിടിക്കും. കഴിഞ്ഞ ബജറ്റിലായിരുന്നു പ്രഖ്യാപനം.

7. പുതിയ സാമ്പത്തികവര്‍ഷത്തില്‍ 75വയസിന് മുകളിലുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. പെന്‍ഷന്‍, പലിശ വരുമാനം എന്നിവയില്‍ നിന്ന് മാത്രം വരുമാനമുള്ളവര്‍ക്കാണ് ഈ ഇളവ്. 

8. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണ്‍ ഫോമാണ് നികുതിദായകര്‍ക്ക് ലഭിക്കുക. ഓഹരിവിപണിയിലേതടക്കം നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com