പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; അറിയേണ്ടതെല്ലാം 

ഇപിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇപിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍മ്മാണം, പ്ലാന്റേഷന്‍ തുടങ്ങി ചില വ്യവസായങ്ങള്‍ക്കുമാണ് ഇളവ് അനുവദിച്ചത്. 

നേരത്തെ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഇപിഎഫ്ഒ അറിയിച്ചിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തൊഴിലാളികളുടെ ആധാര്‍ നമ്പര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് തൊഴിലുടമയ്ക്ക് കൂടുതല്‍ സമയം ലഭിക്കും. അടുത്തക്കാലത്തായി രണ്ടുതവണയാണ് ആധാര്‍ പിഎഫ് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ആദ്യം ജൂണിലാണ് നീട്ടിയത്.

2021 ഡിസംബര്‍ 31ന് മുമ്പായി  പിഎഫ് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടിലേക്ക് വരുന്ന തൊഴില്‍ ദാതാവിന്റെ വിഹിതം ലഭ്യമാവുകയില്ല. അത് കൂടാതെ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ഉപയോക്താവിന് പ്രയാസങ്ങള്‍ നേരിട്ടേക്കാം. 

യുഎഎന്‍ (യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ തൊഴിലുടമയ്ക്ക് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലേക്ക് യാതൊരു തുകയും ക്രെഡിറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന് സാരം. ഈ പുതിയ നിയം നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അടുത്തിടെയാണ് കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്റെ വകുപ്പ് 142ല്‍ ഭേദഗതി വരുത്തിയത്. 

ഇപിഎഫ്ഒ നിയമ പ്രകാരം, ജീവനക്കാന്റെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനവും ഒപ്പം ക്ഷാമ ബത്ത തുകയും ചേര്‍ന്ന തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് പോവുക. അതേ സമയം തൊഴില്‍ ദാതാവും ജീവനക്കാരന്റെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനവും ക്ഷാമ ബത്തയും ചേര്‍ന്ന തുക ഇപിഎഫ് വിഹിതമായി നിക്ഷേപം നടത്തും. കമ്പനിയുടെ 12 ശതമാനം വിഹിതത്തില്‍ നിന്നും 3.67 ശതമാനം ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിലേക്കും ശേഷിക്കുന്ന 8.33 ശതമാനം ജീവനക്കാരന്റെ പെന്‍ഷന്‍ പദ്ധതിയിലേക്കുമാണ് പോകുന്നത്. ഇപിഎഫ് അക്കൗണ്ടില്‍ പ്രതിവര്‍ഷം ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്.

ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ കയറി  ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.മാനേജ് ഓപ്ഷനില്‍ കയറിവേണം നടപടികള്‍ ആരംഭിക്കേണ്ടത്. കൈവൈസി ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.  ആധാര്‍ നമ്പര്‍ നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്. ആധാര്‍ ഒരു തവണ കൊടുത്തിട്ടുണ്ടെങ്കില്‍ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉറപ്പുവരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com