നടപടികള്‍ അവസാനഘട്ടത്തില്‍; എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക്; കൈമാറ്റം നാളെ

എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണ് ടാറ്റ ഒന്നാമതെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി : സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി ടാറ്റാ സൺസിന് കൈമാറുന്ന നടപടി അവസാനഘട്ടത്തിൽ.   നടപടിക്രമങ്ങൾ പൂർത്തിയാക്കി ടാറ്റ സൺസ് നാളെ വിമാനക്കമ്പനി ഏറ്റെടുക്കും. കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണ് ടാറ്റ ഒന്നാമതെത്തിയത്. 

എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് ലഭിക്കുക. ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടെ സ്വന്തമാകും. 

ടാറ്റയുടെയും സിങ്കപുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരംഭമാണ് വിസ്താര. എയര്‍ ഇന്ത്യ ഇടപാടുമായി സിങ്കപുര്‍ എയര്‍ലൈന്‍സിന് ബന്ധമില്ലാത്തതിനാല്‍ തല്‍ക്കാലം വിസ്താര പ്രത്യേക കമ്പനിയായി തുടരും. കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയ്യാറായത്. 

കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com