ഫെഡറല്‍ ബാങ്കിന് 541 കോടി രൂപ അറ്റാദായം; 13 % വര്‍ധന

പ്രതികൂല സാഹചര്യമായിരുന്നിട്ടും സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍
ഫെഡറല്‍ ബാങ്കിന് 541 കോടി രൂപ അറ്റാദായം
ഫെഡറല്‍ ബാങ്കിന് 541 കോടി രൂപ അറ്റാദായം


കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 540.54 കോടി രൂപയുടെ അറ്റാദായം. ഒരു പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന അറ്റാദായമാണിത്.  മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനമാണ് വര്‍ധന. 798.20 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. അറ്റ പലിശ വരുമാനം 7.38 ശതമാനം വര്‍ധിച്ച് 1525.21 കോടി രൂപയായി. വിദേശത്തു നിന്നുള്ള റെമിറ്റന്‍സില്‍ ഫെഡറല്‍ ബാങ്കിന്റെ വിപണി വിഹിതം 20.16 ശതമാനമായും വര്‍ധിച്ചു.

പ്രതികൂല സാഹചര്യമായിരുന്നിട്ടും സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. വലിയ ഒറ്റത്തവണ ചെലവുകള്‍ ഉണ്ടായിരുന്നെങ്കിലും ആസ്തികളില്‍ നിന്നും ഓഹരികളില്‍ നിന്നുമുള്ള വരുമാനം യഥാക്രമം 1.03 ശതമാനം 11.93 ശതമാനം എന്നീ തോതുകളിലെത്തിക്കാനായി. 541 കോടി രൂപ എന്നത് ഏക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ്- ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ബാങ്കിന്റെ  മൊത്തം ബിസിനസ് നാലാം പാദത്തില്‍ 7.10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 3,29,340.02 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 5.25 ശതമാനം വളര്‍ച്ചയോടെ 1,81,700.57 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം 67,121.21 കോടി രൂപയിലെത്തി. കാസ അനുപാതം എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 36.94 ശതമാനത്തിലുമെത്തി. 1,47,639.45 കോടി രൂപയാണ് മൊത്തം വായ്പ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.46 ശതമാനമാണ് വര്‍ധന.

ബാങ്കിന്റെ ആസ്തി ഗുണമേന്മയും വര്‍ധന രേഖപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 4,136.74 കോടി രൂപയും അറ്റ നിഷ്‌ക്രിയ ആസ്തി 1,392.62 കോടി രൂപയുമാണ്. 65.54 ശതമാനമാണ് നീക്കിയിരുപ്പ് അനുപാതം. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 115 ബേസ് പോയിന്റുകള്‍ വര്‍ധിച്ച് 15.77 ശതമാനത്തിലുമെത്തി. 

2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഫെഡറല്‍ ബാങ്കിന് ഇന്ത്യയിലൊട്ടാകെയായി 1,282 ശാഖകളും 1,885 എടിഎമ്മുകളുമാണുള്ളത്. ഇതിനു പുറമെ അബുദബിയിലും ദുബായിലും ഓഫീസുകളും ഗുജറാത്ത് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ ഐഎഫ്എസ് സി ബാങ്കിങ് യൂനിറ്റും ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com