കേന്ദ്രം നികുതി കുറച്ചു, ആരുമറിയാതെ കമ്പനികള്‍ വില കൂട്ടി; പെട്രോള്‍ വിലയിലെ ആശയക്കുഴപ്പം ഇങ്ങനെ

കേന്ദ്രം നികുതി കുറച്ചതിനു പിന്നാലെ പെട്രോളിന്റെ അടിസ്ഥാന വിലയില്‍ 79 പൈസയുടെ വര്‍ധനയാണ് കമ്പനികള്‍ വരുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന്റെ ഗുണം പൂര്‍ണമായും ഉപഭോക്താക്കള്‍ക്കു കിട്ടും മുമ്പ് വില കൂട്ടി എണ്ണ കമ്പനികള്‍. കേന്ദ്രം നികുതി കുറച്ചതിനു പിന്നാലെ പെട്രോളിന്റെ അടിസ്ഥാന വിലയില്‍ 79 പൈസയുടെ വര്‍ധനയാണ് കമ്പനികള്‍ വരുത്തിയത്. നികുതി കൂടി ഉള്‍പ്പെടുമ്പോള്‍ വര്‍ധന 93 പൈസയായി. 

കേന്ദ്രം  നികുതി കുറച്ചിട്ടും പ്രതീക്ഷിച്ച കുറവ് പെട്രോളിന് ഉണ്ടാവാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പലയിടത്തും ഉപഭോക്താക്കളും പമ്പ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ച കാര്യം സ്ഥിരീകരിച്ചത്.

ഇനിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേരളം ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കേരളത്തില്‍ കോവിഡ് അനുബന്ധ ചെലവ് കൂടുകയും മറ്റേത് സംസ്ഥാനങ്ങളേക്കാളും പൊതുജനാരോഗ്യത്തിനും ക്ഷേമത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗജന്യ ചികിത്സയ്ക്കും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തപ്പോഴും ഇന്ധന നികുതി ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല. ഇതിനൊക്കെ പുറമേ കേന്ദ്രവിഹിതം, ജി എസ് ടി നഷ്ടപരിഹാരം, റവന്യൂകമ്മി ഗ്രാന്‍ഡ് എന്നീ വകയില്‍ നിലവില്‍ കേരളത്തിന് കിട്ടേണ്ട വരുമാനത്തില്‍ ഏകദേശം 19,000 കോടിയിലധികം ഈ സാമ്പത്തിക വര്‍ഷം കുറവുവരും. കമ്പോളത്തില്‍ നിന്നും കടം എടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.അങ്ങനെ ഒരു വശത്തുകൂടെ കേന്ദ്രവിഹിതത്തിലെ വളരെ വലിയ ഇടിവും , മറുവശത്ത്, കേരള സര്‍ക്കാര്‍ പ്രതിബദ്ധതയോടെ ഏറ്റെടുത്തു നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വീണ്ടും കേരളം നികുതി ഇളവു നല്‍കണമെന്ന വാശിപിടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ഒരു ചുരുങ്ങിയ കാലംകൊണ്ട് നികുതി അതിഭീമമായ വര്‍ദ്ധനവ് വരുത്തിയ കേന്ദ്രനിലപാട് തിരിച്ചറിയുകയും അമിതമായി കിട്ടിയ നികുതി കേന്ദ്രം വീണ്ടും കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയുമാണ്.'  ബാലഗോപാല്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com