ബൈജൂസ് കേരളം വിടുന്നില്ല; കൂടുതല്‍ വികസനത്തിനെന്ന് കമ്പനി 

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 സ്ഥാപനങ്ങള്‍ കൂടി കേരളത്തില്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ബൈജു രവീന്ദ്രന്‍/വിക്കിപിഡിയ
ബൈജു രവീന്ദ്രന്‍/വിക്കിപിഡിയ

തിരുവനന്തപുരം: കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ലെന്നും മറിച്ച് സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും എഡ്യൂ ആപ്പ് കമ്പനിയായ ബൈജൂസ്. ബൈജൂസ് കേരളം വിടുന്നതായ വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കേരളത്തിലെ ബൈജൂസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന  മൂവായിരത്തിലേറെയുള്ള ജീവനക്കാരില്‍ 140 പേരെ ബെംഗളുരുവിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. അതില്‍ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍ എന്നും കമ്പനി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 സ്ഥാപനങ്ങള്‍ കൂടി കേരളത്തില്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമൂലം കേരളത്തിലെ ബൈജൂസ് സ്ഥാപനങ്ങളുടെ എണ്ണം 14 ആവുകയും ജീവനക്കാരുടെ എണ്ണം 3000 പേരില്‍ നിന്നും 3600ലേക്ക് ഉയരുകയും ചെയ്യും. 

സ്ഥലംമാറ്റം ചെയ്യപ്പെട്ട ജീവനക്കാരില്‍ കേരളം വിട്ടു പോവുന്നതിലുള്ള ബുദ്ധിമുട്ടറിയിച്ചവര്‍ക്കായി, കുടുംബത്തിനുള്‍പ്പെടെ ആറു മാസത്തെ ഇന്‍ഷുറന്‍സ്, മറ്റു കമ്പനികളില്‍ ജോലി നേടുന്നതിനായി മികച്ച റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സഹായം, വേഗത്തില്‍ തന്നെ ഫുള്‍ ആന്‍ഡ് ഫൈനല്‍ സെറ്റില്‍മെന്റ് നല്‍കാനുള്ള നടപടികള്‍ അടക്കമുള്ള സേവനങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കില്‍ ബൈജൂസില്‍ തന്നെ തിരിച്ചു നിയമനം ലഭിക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടന്നിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. 

കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ടീം ഓരോരുത്തരുമായി നിരന്തരം ബന്ധപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു. തികച്ചും ന്യായമല്ലാത്ത രീതിയിലുള്ള പിരിച്ചുവിടലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്പനി അഭ്യര്‍ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com