ഇനി വ്യാജ റിവ്യൂകളുടെ ചതിക്കുഴിയില്‍ വീഴില്ല!, മൂക്കു കയറിടാന്‍ കേന്ദ്രം; പുതിയ മാര്‍ഗനിര്‍ദേശം ഇന്നുമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 10:48 AM  |  

Last Updated: 25th November 2022 10:48 AM  |   A+A-   |  

e commerce

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഉപഭോക്താക്കളുടെ റിവ്യൂ പരിശോധിച്ച ശേഷമാണ് പലരും ഓണ്‍ലൈനിലൂടെ ഷോപ്പിങ് നടത്തുന്നത്. അത്രമാത്രം പ്രാധാന്യമാണ് റിവ്യൂവിന് നല്‍കുന്നത്. കൂടുതല്‍ റിവ്യൂ ഉള്ള ഉല്‍പ്പന്നമാണെങ്കില്‍ കൂടുതല്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നമാണ് എന്ന വിശ്വാസം വരെ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ഉണ്ട്.

ഇത് അവസരമാക്കി വ്യാജ റിവ്യൂകളും തഴച്ചുവളരുന്നുണ്ട്. ഇതിന് മൂക്ക് കയറിടാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ റിവ്യൂവിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. ഇത് ഇന്ന് മുതല്‍ നിലവില്‍ വന്നു.

വ്യാജ റിവ്യൂകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദേശം. ജനങ്ങളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശത്തിന് രൂപം നല്‍കിയതെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് അറിയിച്ചു.

ഇ- കോമേഴ്‌സ് രംഗത്ത് റിവ്യൂവിന് വലിയ പ്രാധാന്യമുണ്ട്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലും ഭക്ഷണശാല തെരഞ്ഞെടുക്കുന്നതിലും അടക്കം വിവിധ കാര്യങ്ങള്‍ക്ക് ഉപഭോക്താക്കളുടെ റിവ്യൂ പരിശോധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനിടെ വ്യാജ റിവ്യൂകള്‍ സംബന്ധിച്ച പരാതികളും നിരവധി വരുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടക്കുന്നതിന് വേണ്ടിയാണ് വ്യാജ റിവ്യൂകള്‍ സൃഷ്ടിക്കുന്നത്. ഇതിനെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പുതിയ മാര്‍ഗനിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പുതിയ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന നിര്‍ദേശമില്ല. സ്ഥാപനങ്ങള്‍ സ്വമേധയാ തന്നെ നടപ്പാക്കേണ്ടതാണ്. എന്നാല്‍ ഇതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക്് കടക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വെബ്‌സൈറ്റ് പരിശോധനയ്ക്ക് വിധേയമാക്കി മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തി അംഗീകാരം വാങ്ങേണ്ടതാണ്. പകരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഉപഭോക്തൃ കോടതി വഴി നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വ്യാജ റിവ്യൂകള്‍ വെബ്‌സൈറ്റില്‍ ഇല്ലെന്ന് ഉറപ്പുവരുത്തി ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍ മുന്നോട്ടുപോകേണ്ടതാണെന്നും രോഹിത് കുമാര്‍ സിങ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹൃദ്രോഗികള്‍ക്ക് ആശ്വാസം, സ്‌റ്റെന്റിന്റെ വില കുറയും; അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ