നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ?; ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക!

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉപഭോഗത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും ഗണ്യമായ വര്‍ധനയാണ് ഉണ്ടാവുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉപഭോഗത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും ഗണ്യമായ വര്‍ധനയാണ് ഉണ്ടാവുന്നത്. കോവിഡിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നതില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ബാലന്‍സിനെ കുറിച്ച് വേവലാതിപ്പെടാതെ തന്നെ പണം ചെലവഴിക്കാന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യം ചെയ്തു തരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ സാമ്പത്തിക അച്ചടക്കമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചെലവഴിച്ചാല്‍ വലിയ സാമ്പത്തിക ആഘാതം നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റ് വൈകിപ്പിക്കുന്നത്, പെനാല്‍റ്റി അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കും എന്നതിനേക്കാള്‍ ഉപരി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതാണ് പ്രധാനം. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

1. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൈ്വപ്പ് ചെയ്യുന്നത് എളുപ്പമാണ്. പലപ്പോഴും സ്‌റ്റേറ്റ്‌മെന്റ് എടുത്ത് നോക്കാന്‍ മടിക്കുന്നവരാണ് കൂടുതല്‍ ആളുകളും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്‌ക്കേണ്ടത് എന്നാണ് എന്ന് മനസിലാക്കി സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സ്റ്റേറ്റ്‌മെന്റ് എടുത്തുനോക്കുന്നത് നല്ലതാണ്. കൂടാതെ പണം എവിടേയൊക്കേ ചെലവഴിച്ചു എന്ന് മനസിലാക്കാനും ഇത് സഹായിക്കും. ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ഇത് സഹായകമാണ്.

2. സമയത്ത് തന്നെ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ ശ്രമിക്കുക. ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ പെനാല്‍റ്റി ക്ഷണിച്ചുവരുത്തും. കൂടാതെ പലിശ വര്‍ധിക്കാനും ഇടയാക്കും.  ഇതിനായി 'റിമൈന്‍ഡേഴ്‌സ്' സെറ്റ് ചെയ്ത് വെയ്ക്കുന്നത് നല്ലതാണ്.

3. കൂടെകൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സൈ്വപ്പ് ചെയ്യുന്നത് ഒഴിവാക്കണം. ഇത് ബാങ്കുകള്‍ക്ക് ഉപഭോക്താവിന്മേലുള്ള മതിപ്പ് കുറയ്ക്കാന്‍ ഇടയാക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്, ക്രെഡിറ്റ് കാര്‍ഡിനെ കൂടുതലായി ഉപഭോക്താവ് ആശ്രയിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കും. ഉപഭോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ബാങ്കുകള്‍ സ്ഥിരമായി പരിശോധിക്കുന്നതിനാല്‍, പിന്നീട് വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ സാമ്പത്തിക അച്ചടക്കമില്ല എന്ന കാരണത്താല്‍ വായ്പ നിഷേധിക്കാനും സാധ്യതയുണ്ട്.

4. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ അനുപാതം (സിയുആര്‍) കുറയ്ക്കാന്‍ ശ്രമിക്കുക. ഇത് കൂടുതലാണെങ്കില്‍ സാമ്പത്തിക അച്ചടക്കമില്ല എന്ന തോന്നല്‍ സൃഷ്ടിക്കും. ഉപഭോക്താവിന് അനുവദിച്ച പരിധിയില്‍ നിന്ന് എത്രമാത്രം ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനുപാതം. സിയുആര്‍ കൂടുതലാണെങ്കില്‍ ബാങ്ക് തുടര്‍ന്നും വായ്പ അനുവദിക്കാനുള്ള സാധ്യത കുറവാണ്.

5. തിരിച്ചടവ് ശേഷിയെ അടിസ്ഥാനമാക്കി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചെലവഴിക്കാന്‍ ശ്രമിക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അനാവശ്യമായി പര്‍ച്ചേയ്‌സ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് ക്രെഡിറ്റ് കാര്‍ഡ് ബില്‍ വര്‍ധിപ്പിക്കും. അവസാനം തിരിച്ചടവ് ബുദ്ധിമുട്ടേറിയതാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com