ചാറ്റ് ജിപിടിയുടെ പ്രതിദിന ചെലവ് 5.80 കോടി; ഓപ്പണ്‍ എഐ ഉടന്‍ തന്നെ പാപ്പരായേക്കും; റിപ്പോര്‍ട്ട് 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്ത കമ്പനിയായ ഓപ്പണ്‍ എഐ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലേക്ക് നീങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ട്
ചാറ്റ് ജിപിടി , ഫെയ്സ്ബുക്ക്
ചാറ്റ് ജിപിടി , ഫെയ്സ്ബുക്ക്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്ത കമ്പനിയായ ഓപ്പണ്‍ എഐ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലേക്ക് നീങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ട്. 2024 അവസാനത്തോടെ സ്ഥാപനം പാപ്പരായേക്കാമെന്ന് അനലിറ്റിക്‌സ് ഇന്ത്യ മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ കമ്പനിയുടെ  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വീസുകളില്‍ ഒന്നായ ചാറ്റ് ജിപിടി സേവനത്തിന് മാത്രം പ്രതിദിനം 5.80 കോടി രൂപയാണ് പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എഐ ചെലവഴിക്കുന്നത്. ജിപിടി-3.5, ജിപിടി-4 എന്നിവ വഴി വരുമാനം ഉണ്ടാക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും ചെലവ് മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഓപ്പണ്‍ എഐയ്ക്ക് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2022 നവംബറിലാണ് ചാറ്റ് ജിപിടി പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ റെക്കോര്‍ഡ് നേട്ടമാണ് കമ്പനി കൈവരിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉപയോ​ഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് കണ്ടുവരുന്നത്. ജൂലൈയില്‍ മാത്രം യൂസര്‍ ബേസില്‍ 12 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 170 കോടി ഉപയോക്താക്കളില്‍ നിന്ന് 150 കോടിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

മറ്റു കമ്പനികളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വിപണിയിലെത്തിയതും ഓപ്പണ്‍ എഐയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു. മെറ്റയുടെ ലാമ 2 അടക്കം കടുത്ത മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. മെയ് മാസത്തില്‍ ഓപ്പണ്‍ എഐയുടെ നഷ്ടം 54 കോടി ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചാറ്റ് ജിപിടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com