കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്നത് എപ്പോള്‍?, ഉടന്‍ അറിയിക്കും; പുതിയ ഫീച്ചറുമായി ഗൂഗിള്‍ 

വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതാണ് എന്ന് കൃത്യമായി ട്രാക്ക് ചെയ്ത് ഉടന്‍ തന്നെ യാത്രക്കാരെ അറിയിക്കുന്ന പുതിയ ഫീച്ചറുമായി ടെക് കമ്പനി ഗൂഗിള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതാണ് എന്ന് കൃത്യമായി ട്രാക്ക് ചെയ്ത് ഉടന്‍ തന്നെ യാത്രക്കാരെ അറിയിക്കുന്ന പുതിയ ഫീച്ചറുമായി ടെക് കമ്പനി ഗൂഗിള്‍. വിമാന ടിക്കറ്റ് നിരക്ക് ട്രാക്ക് ചെയ്ത് അറിയിക്കുന്ന സംവിധാനവും പ്രൈസ് ഗ്യാരണ്ടി ചോയ്‌സും നിലവില്‍ തന്നെ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ ഉണ്ട്. ഇതിന് പുറമേയാണ് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ലഭിക്കുന്ന സമയം കൃത്യമായി അറിയിക്കുന്ന ഫീച്ചര്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് അവതരിപ്പിച്ചത്.

'വിശ്വസനീയമായ ട്രെന്‍ഡ് ഡാറ്റയ്ക്കായുള്ള തിരയിലിനിടെ, വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിരിക്കുന്ന സമയം അറിയിക്കും. ഇതിലൂടെ പോകേണ്ട സ്ഥലവും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയും തീരുമാനിക്കാന്‍ സഹായിക്കും'-ബ്ലോഗില്‍ ഗൂഗിള്‍ കുറിച്ചു. ന്യൂ ഇന്‍സൈറ്റ്‌സ് എന്ന ഫീച്ചറിലൂടെയാണ് ഗൂഗിള്‍ ഇക്കാര്യം അറിയിക്കുക.

ഉദാഹരണത്തിന്, ഒരാള്‍ ഒരു യാത്ര ചെയ്തു. സമാനമായ യാത്രകള്‍ ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം സാധാരണയായി പുറപ്പെടുന്നതിന് രണ്ട് മാസം മുമ്പാണെന്ന് അറിയിക്കും. സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുക. പലപ്പോഴും യാത്രയ്ക്ക് ഉദ്ദേശിക്കുന്ന ദിവസങ്ങള്‍ക്ക് തൊട്ടടുത്തുള്ള ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറവാണോ എന്ന് എല്ലാവരും നോക്കാറുണ്ട്. ഇതനുസരിച്ചാണ് എല്ലാവരും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇവിടെ പുതിയ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യുമെന്നും ഗൂഗിള്‍ അറിയിച്ചു.

2023-ലെ ഫ്‌ലൈറ്റ് ബുക്കിംഗ് ട്രെന്‍ഡുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കാല വിലനിര്‍ണ്ണയ പാറ്റേണുകള്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വിലയിരുത്തിയാണ് ഈ ട്രെന്‍ഡുകള്‍ക്ക് രൂപം നല്‍കിയത്. ഫ്‌ലൈറ്റ് ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞാല്‍ വ്യത്യാസം ഗൂഗിള്‍ പേ വഴി യാത്രക്കാരന് നല്‍കുമെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുന്ന ചില തെരഞ്ഞെടുത്ത വിമാനയാത്രകള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഈ ആനുകൂല്യം.

ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന യാത്രകള്‍ക്ക്, ഒക്ടോബര്‍ ആദ്യം തന്നെ ഡീലുകള്‍ കണ്ടെത്താന്‍ സാധിക്കും. പുറപ്പെടുന്നതിന് 71 ദിവസം മുമ്പ് ശരാശരി വിലകള്‍ ഏറ്റവും കുറവായിരിക്കും. 2022-ലെ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് വ്യത്യസ്തമായി പുറപ്പെടുന്നതിന് 22 ദിവസം മുമ്പ് ശരാശരി വിലകള്‍ ഏറ്റവും താഴ്ന്നതാണെന്ന് കണ്ടെത്തി. ടേക്ക് ഓഫിന് 54-78 ദിവസം മുമ്പാണ് സാധാരണ കുറഞ്ഞ വിലയെന്നും ഗൂഗിള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com