ഫോണ്‍ നഷ്ടപ്പെട്ടോ?, ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് സഹായിക്കും; അറിയേണ്ട മൂന്ന് കാര്യങ്ങള്‍

കൈയിലുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന് കരുതുന്നവര്‍ ചുരുക്കമായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൈയിലുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന് കരുതുന്നവര്‍ ചുരുക്കമായിരിക്കും. 'എന്റെ കൈയില്‍ നിന്ന് ഫോണ്‍ പോകില്ല'- എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണമെന്ന ധാരണ പലര്‍ക്കും ഉണ്ടാവില്ല. ഇത് മുന്‍കൂട്ടി കണ്ട്  ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്. ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ സാധിക്കും. 

കൈവശം ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കില്‍ ഗൂഗിള്‍ തന്നെ ഓട്ടോമാറ്റിക്കായി ഫോണിനെ ഫൈന്‍ഡ് മൈ ഡിവൈസുമായി ബന്ധിപ്പിച്ചിരിക്കും. ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുന്ന നിമിഷം തന്നെ ഇത് ഓട്ടോമാറ്റിക്കായി നടക്കും. ഫൈന്‍ഡ് മൈ ഡിവൈസ് വെബ് പേജില്‍ പോയാല്‍ ഫോണ്‍ അവസാനമായി ലോക്കേറ്റ് ചെയ്ത സ്ഥലം  ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും.  എന്നാല്‍ ലോക്കേഷന്‍ സെറ്റിങ് ഓണ്‍ ആയിരിക്കണമെന്ന് മാത്രം.

ഫൈന്‍ഡ് മൈ ഡിവൈസ് എന്നത് ഒരു ആപ്പാണ്. ആന്‍ഡ്രോയിഡ് ഫോണ്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ ഫൈന്‍ഡ് മൈ ഡിവൈസ് പ്രവര്‍ത്തിക്കുകയുള്ളൂ. കൂടാതെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം. നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാന്‍ ആദ്യം ഫൈന്‍ഡ് മൈ ഡിവൈസ് പേജിലാണ് ആദ്യം പോകേണ്ടത്. ആദ്യം ലോഗിന്‍ ചെയ്യാന്‍ പറയും. ഇത് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ മാപ്പ് ഫോണിന്റെ ലോക്കേഷന്‍ കാണിച്ച് തരുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ മുകളില്‍ ഇടത് വശത്തായി മൂന്ന് ഓപ്ഷനുകളാണ് കാണിക്കുക. ഇവ ചുവടെ:

1. ഗൂഗിള്‍ മാപ്പ് ഓപ്പണ്‍ ആയാല്‍, സൂം ചെയ്ത് സ്ട്രീറ്റ് ലെവല്‍ നോക്കി ഫോണിന്റെ യഥാര്‍ഥ ലോക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കും. ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ട് മുന്‍പുള്ള ലോക്കേഷന്‍ ഗൂഗിള്‍ മാപ്പ് കാണിച്ചു തരും. ഇതിന് ഫോണിന്റെ ലോക്കേഷന്‍ സെറ്റിങ്‌സ് ഓണായിരിക്കണം. വീടിന് തൊട്ടടുത്താണ് ഫോണ്‍ എന്നാണ് കാണിക്കുന്നതെങ്കില്‍ പ്ലേ സൗണ്ട് ഓപ്ഷന്‍ ഉപയോഗിച്ച് ലോക്കേഷന്‍ എളുപ്പം കണ്ടെത്താവുന്നതാണ്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും തുടര്‍ച്ചയായി അഞ്ചുമിനിറ്റ് നേരം റിങ് ചെയ്ത് ഫോണ്‍ കണ്ടെത്താനുള്ള വഴിയും ഇതിലുണ്ട്. ലോക്കേഷന്‍ കണ്ടെത്തുകയും ഫോണ്‍ മോഷ്ടിച്ചതാണ് എന്ന് തിരിച്ചറിയുകയും ചെയ്താല്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുന്നതാണ് നല്ലത്.

2. ലോക്ക് സ്‌ക്രീനില്‍ ഫോണ്‍ നമ്പറോട് കൂടിയ സന്ദേശം അയക്കാന്‍ കഴിയുന്നതാണ് മറ്റൊരു ഓപ്ഷന്‍. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഫോണ്‍ ലോക്ക് ഡൗണ്‍ മോഡിലേക്ക് മാറും. അതായത് പിന്‍, പാസ് വേര്‍ഡ്, പാറ്റേണ്‍ എന്നിവ വഴി മാത്രം ഫോണ്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലേക്ക് മാറ്റാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വഴിയില്‍ ഫോണ്‍ കളഞ്ഞുപോകുന്ന സാഹചര്യത്തില്‍, യാദൃച്ഛികമായി ഫോണ്‍ ലഭിക്കുന്നവര്‍ക്ക് ഫോണില്‍ തെളിഞ്ഞുവരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ഫോണിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ സാധിക്കുന്നതാണ് ഈ ഓപ്ഷന്‍.

3. അവസാന മാര്‍ഗം എന്ന നിലയില്‍ ഉപയോഗിക്കേണ്ടതാണ് മൂന്നാമത്തെ ഓപ്ഷന്‍. ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതാണ് ഓപ്ഷന്‍. സ്വകാര്യ വിവരങ്ങള്‍ അടക്കം ഇത്തരത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഫാക്ടറി റീസെറ്റിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍. അങ്ങനെ ചെയ്താല്‍ മുഴുവന്‍ സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്ത് സുരക്ഷിതമാക്കാന്‍ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com