വര്‍ക്കിങ് വുമണ്‍ ആണോ?, ഭാവി ഭദ്രമാക്കാം; ഇതാ അഞ്ചുനിക്ഷേപ മാര്‍ഗങ്ങള്‍ 

വീട്ടമ്മമാരില്‍ നിന്ന് തൊഴിലെടുക്കുന്ന വിഭാഗത്തിലേക്ക് സ്ത്രീകള്‍ മാറുന്ന കാഴ്ചയാണ് എവിടെയും
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്‌
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്‌

ന്യൂഡല്‍ഹി: വീട്ടമ്മമാരില്‍ നിന്ന് തൊഴിലെടുക്കുന്ന വിഭാഗത്തിലേക്ക് സ്ത്രീകള്‍ മാറുന്ന കാഴ്ചയാണ് എവിടെയും. സാമ്പത്തികമായി സ്വയംപര്യാപ്തത നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ന് ഓരോ സ്ത്രീയും. സ്വാതന്ത്ര്യത്തിന് ഒപ്പം സാമ്പത്തിക സുരക്ഷിതത്വത്തിനും തുല്യ പ്രാധാന്യമാണ് സ്ത്രീകള്‍ നല്‍കുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സഹായിക്കുന്ന അഞ്ചു നിക്ഷേപ ഓപ്ഷനുകള്‍ നോക്കാം.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം:

റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാന്‍ നേരത്തെ മുതല്‍ തന്നെ പണം സേവ് ചെയ്ത് തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. ഓഹരി വിപണിയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള സേവിങ്‌സ് പദ്ധതിയാണിത്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം അനുസരിച്ച് ഒരാളുടെ വിഹിതം വ്യത്യസ്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഓഹരി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ലിക്വിഡ് ഫണ്ടുകള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തുടങ്ങിയവയിലാണ് നിക്ഷേപിക്കുന്നത്.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം നിയന്ത്രിക്കുന്നത്. ഫണ്ട് മാനേജര്‍ ആരായിരിക്കണമെന്ന് നിക്ഷേപകന് തന്നെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ നിക്ഷേപ പദ്ധതി. 

സ്ഥിര നിക്ഷേപം:

ജോലി ചെയ്യുന്ന സ്്ത്രീകള്‍ക്ക് സ്വീകരിക്കാവുന്ന മറ്റൊരു നിക്ഷേപ മാര്‍ഗമാണിത്. നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷിതത്വം ഉണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. നിശ്ചിത കാലയളവിലേക്ക് നിക്ഷേപിച്ചാല്‍ നിശ്ചിത തുക ലഭിക്കുന്ന തരത്തിലാണ്് സ്ഥിര നിക്ഷേപം. നിലവില്‍ മെച്ചപ്പെട്ട പലിശയാണ് ബാങ്കുകള്‍ നല്‍കുന്നത്. 

മ്യൂച്ചല്‍ഫണ്ട് എസ്‌ഐപി:

നിക്ഷേപത്തില്‍ വൈവിധ്യം വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പരമ്പരാഗതമായി ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് രീതി. മുഴുവന്‍ തുകയും ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഒരു ചെറിയ വിഹിതം മ്യൂച്ചല്‍ഫണ്ട് എസ്‌ഐപിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. 

ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗമായത് കൊണ്ട് റിസ്‌ക് ഉണ്ട്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തിയാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്നാണ് വിദ്ഗധര്‍ പറയുന്നത്. മാസം തോറും നിശ്ചിത തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. യൂണിറ്റുകളായാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്. നികുതി ഇളവ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളിലും നിക്ഷേപിക്കാവുന്നതാണ്.

സ്വര്‍ണം:

മറ്റൊരു മെച്ചപ്പെട്ട നിക്ഷേപ മാര്‍ഗമാണിത്. സ്വര്‍ണത്തിന്റെ വില വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇതിലും ഒരു കൈ നോക്കാവുന്നതാണ്. പല തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാം, ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം, സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കാം, അത്തരത്തില്‍ നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്. ഇതില്‍ ഉചിതമെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാവുന്നതാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ്:

രോഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വരാം. എപ്പോഴും ആരോഗ്യനില ഒരേ പോലെയായിരിക്കണമെന്നുമില്ല. ചിലപ്പോള്‍ രോഗങ്ങള്‍ പിടിപെടുന്നത് സാമ്പത്തിക സ്ഥിതി മോശമാകാന്‍ ഇടയാക്കിയേക്കും. കാരണം ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി മറ്റും വന്നാല്‍ ചികിത്സാചെലവ് വര്‍ധിപ്പിക്കും. ഇത് മുന്‍കൂട്ടി കണ്ട് ഇന്‍ഷുര്‍ ചെയ്യാന്‍ കഴിയുന്നതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍. ഇത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഏറെ പ്രധാനമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com