'ഇനി എല്ലാം സ്വന്തം ഉത്തരവാദിത്തം'; ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍, മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് 

ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. അവസാനമായി ആയിരം രൂപ പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. ഈ സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വീണ്ടും ഓര്‍മ്മപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഇനിയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഉപയോക്താവിന് ആയിരിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 'നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് ഇത് നഷ്ടപ്പെടുത്തുന്നത്'- ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് വീണ്ടും ഓര്‍മ്മപ്പെടുത്തി ആദായനികുതി വകുപ്പ് പങ്കുവെച്ച ട്വീറ്റിലെ വാക്കുകള്‍ ഇങ്ങനെ. 1961ലെ ആദായനികുതി നിയമം അനുസരിച്ച് എല്ലാ പാന്‍ ഉടമകളും ജൂണ്‍ 30നകം ആധാറുമായി ബന്ധിപ്പിക്കണമെന്നും ട്വീറ്റില്‍ വിശദീകരിക്കുന്നു.

ഇ -ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. ഇനി ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:

uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക

ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക

12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക

പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക

സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക

ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി

തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും

www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും

എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം:

UIDPAN എന്ന് ടൈപ്പ് ചെയ്യുക

സ്പേസ് ഇട്ട ശേഷം ആധാര്‍ നമ്പര്‍ നല്‍കുക

വീണ്ടും സ്പേസ് ഇട്ട ശേഷം പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക

UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോര്‍മാറ്റ്

567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാന്‍

ആധാറുമായി പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com