ഒരേ സമയം 20,000 വാക്കുകള്‍ വരെ, ചിത്രങ്ങള്‍ക്കും  സ്‌ക്രീന്‍ഷോട്ടിനും മറുപടി; ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍, ജിപിടി-4നെ അറിയാം 

നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഓപ്പണ്‍ എഐ
എക്സ്പ്രസ് ഇലസ്ട്രേഷൻ
എക്സ്പ്രസ് ഇലസ്ട്രേഷൻ

ന്യൂഡല്‍ഹി: നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഓപ്പണ്‍ എഐ. മുന്‍ഗാമി ജിപിടി-3.5നെ അപേക്ഷിച്ച് കൂടുതല്‍ ക്രിയാത്മകവും നിഷ്പക്ഷതയും പുലര്‍ത്തുന്നതാണ് ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷനായ ജിപിടി-4 എന്ന് കമ്പനി അവകാശപ്പെടുന്നു. മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഓപ്പണ്‍ എഐ. 

കൊച്ചുകൊച്ചു സംശയങ്ങള്‍ മുതല്‍ ക്വാണ്ടം ഫിസിക്സും റോക്കറ്റ് ശാസ്ത്രവും വരെയുള്ള ഒരുപാടു വിഷയങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നതാണ് ചാറ്റ് ജിപിടിയെ ജനകീയമാക്കിയത്. ചിത്രങ്ങള്‍ കാണിച്ചും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് ജിപിടി-4 ലെ സാങ്കേതികവിദ്യ. അതായത് ടെക്സ്റ്റിന് പുറമേ ചിത്രങ്ങൾ ചോദ്യങ്ങളായി ഉന്നയിച്ചാലും കൃത്യമായി മറുപടി ലഭിക്കും എന്ന് സാരം. ഒരേസമയം 20,000 വാക്കുകളെ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചത്. 

നിലവില്‍ ഉപയോഗിക്കുന്ന ജിപിടി-3.5 ടെക്സ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വരെ പ്രതികരിക്കാന്‍ കഴിയുന്നവിധാണ് ജിപിടി-4ല്‍ സാങ്കേതികവിദ്യ പരിഷ്‌കരിച്ചിരിക്കുന്നത്. ഇതൊരു ലാംഗ്വേജ് മോഡല്‍ മാത്രമല്ല. ഒരു കാഴ്ചപ്പാട് മോഡല്‍ കൂടിയാണെന്ന് കമ്പനി അവകാശപ്പെടുന്നു. 

ചാറ്റ് ജിപിടി പ്ലസ് വരിക്കാര്‍ക്ക് പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനാണ് ചാറ്റ്ജിപിടി പ്ലസ്. ഓപ്പണ്‍എഐ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം അപ്‌ഗ്രേഡ് ടു പ്ലസില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. സ്‌കാന്‍ ചെയ്ത വിവരങ്ങളും സ്‌ക്രീന്‍ഷോട്ടുകളും വിശകലനം ചെയ്ത് ഉത്തരം നല്‍കും എന്നതാണ് പുതിയ വേര്‍ഷന്റെ പ്രത്യേകത. 

ഒരു വിവരത്തിനായി തെരയുമ്പോള്‍ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. അവയോരോന്നും തുറന്ന് വേണ്ടുന്നവ തെരഞ്ഞെടുത്ത് അവയിലെ വിവരങ്ങള്‍ സംയോജിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.ചാറ്റ് ജിപിടിയിലാണെങ്കില്‍ ആ പ്രക്രിയ വളരെ ലളിതമായിരിക്കും. ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ പല സ്രോതസ്സുകളില്‍ നിന്നു വിവരങ്ങള്‍ തെരഞ്ഞെടുത്ത് സംയോജിപ്പിച്ചു വ്യക്തമായ ഭാഷയില്‍ അവതരിപ്പിക്കും. പല വിഷയങ്ങളിലും ഇതു വളരെ കാര്യക്ഷമമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com