മാരുതി കാറുകളുടെ വില ജനുവരിയില്‍ വര്‍ധിക്കും

ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ത്തുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
ഗ്രാന്‍ഡ് വിറ്റാര: image credit/marutisuzuki
ഗ്രാന്‍ഡ് വിറ്റാര: image credit/marutisuzuki

ന്യൂഡല്‍ഹി: ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ത്തുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ വില ഉയര്‍ത്താതെ നിവൃത്തിയില്ലെന്നും മാരുതി സുസുക്കി അറിയിച്ചു. എന്നാല്‍ കാറുകളുടെ വിലയില്‍ എത്രശതമാനം വര്‍ധന വരുത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

പണപ്പെരുപ്പവും അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതുമാണ് കാറുകളുടെ വില ഉയര്‍ത്താന്‍ നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍. എങ്കിലും ഉപയോക്താക്കളെ കാര്യമായി ബാധിക്കാത്ത വിധം വില ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്നും കമ്പനി അറിയിച്ചു. അതിനിടെ ചെലവ് ചുരുക്കുവാനും കമ്പനി ശ്രമിക്കുന്നുണ്ട്. ചെലവ് ചുരുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്ന പരിധി പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. എങ്കിലും ചെറിയ തോതില്‍ വില വര്‍ധന വിപണിയിലേക്ക് കൈമാറേണ്ടി വരുമെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു.

എന്‍ട്രി ലെവല്‍ മുതല്‍ മള്‍ട്ടി യൂട്ടിലിറ്റി സെഗ്മെന്റില്‍ വരെ വരുന്ന വിവിധ മോഡല്‍ കാറുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്. 3.54 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെ വില വരുന്ന വിവിധ മോഡലുകളാണ് കമ്പനി വിറ്റഴിക്കുന്നത്. ഏപ്രിലില്‍ മാരുതി എല്ലാ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.

അതിനിടെ, ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ കാറിന്റെ വില കൂട്ടി. ജനുവരി മുതല്‍ കാറിന്റെ വിലയില്‍ രണ്ടു ശതമാനത്തിന്റെ വരെ വര്‍ധനയാണ് കമ്പനി വരുത്തിയത്.

അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതുമാണ് വില കൂട്ടാന്‍ കാരണമെന്നും കമ്പനി വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. എല്ലാ മോഡലുകള്‍ക്കും വില വര്‍ധന ബാധകമാകുമെന്നും ഓഡി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. 

കമ്പനിയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനാണ് വര്‍ധന വരുത്തിയത്. ഉപഭോക്താക്കളെ കാര്യമായി ബാധിക്കാത്ത വിധമാണ് വില വര്‍ധനയ്ക്ക് തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ 42.77 ലക്ഷം മുതല്‍ 2.22 കോടി രൂപ വരെ വില വരുന്ന വിവിധ മോഡലുകളാണ് ഇന്ത്യയില്‍ ഓഡി വില്‍ക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com