വിതരണക്കാര്‍ക്ക് നിര്‍ബന്ധിത പൊലീസ് പരിശോധന, ഉപയോക്താവിന് ഡിജിറ്റല്‍ കെവൈസി; പുതിയ സിം കാര്‍ഡ് ചട്ടം നാളെ മുതല്‍, വിശദാംശങ്ങള്‍

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് ടെലികോം മന്ത്രാലയം പുറത്തിറക്കിയ പുതിയ സിം കാര്‍ഡ് ചട്ടം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് ടെലികോം മന്ത്രാലയം പുറത്തിറക്കിയ പുതിയ സിം കാര്‍ഡ് ചട്ടം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. നേരത്തെ ഇത് ഓഗസ്റ്റില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ചട്ടം നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു.

സിം കാര്‍ഡ് വില്‍ക്കുന്നവര്‍ നിര്‍ബന്ധിത പൊലീസ് പരിശോധന പൂര്‍ത്തിയാക്കണമെന്നതാണ് ചട്ടത്തിലെ പ്രധാന വ്യവസ്ഥ. ചട്ടം ലംഘിച്ചാല്‍ ഡീലര്‍മാര്‍ക്ക് പത്തുലക്ഷം രൂപയാണ് പിഴ. തട്ടിപ്പുകള്‍ തടയുന്നതിന് നിരവധി സിംകാര്‍ഡുകള്‍ അനുവദിക്കുന്നതിന് വിലക്കുണ്ട്. സിം എടുക്കാന്‍ വരുന്നവര്‍ കെവൈസി നടപടികള്‍ നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം. ഓരോ സിം ഉപയോക്താവിന്റെയും ഡിജിറ്റല്‍ വെരിഫിക്കേഷന് വേണ്ടിയാണ് കെവൈസി നിര്‍ബന്ധമാക്കിയത്.

സിം കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് തടയുന്നതിന് അച്ചടിച്ച ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് സിം ഉപയോക്താവിന്റെ വിശദാംശങ്ങള്‍ നിര്‍ബന്ധമായി ശേഖരിക്കണം. മൊബൈല്‍ നമ്പര്‍ ഡിസ്‌കണക്ട് ആയാല്‍ ആ നമ്പര്‍ 90 ദിവസത്തേയ്ക്ക് മറ്റാര്‍ക്കും നല്‍കില്ലെന്നും ചട്ടം വ്യക്തമാക്കുന്നു.

ഓരോ ടെലികോം ഓപ്പറേറ്ററിനും കീഴില്‍ ഫ്രാഞ്ചൈസികള്‍, ഏജന്റുമാര്‍, പോയിന്റ് ഓഫ് സെയില്‍, വിതരണക്കാര്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ടെലികോം ഓപ്പറേറ്ററിന് കീഴില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി ടെലികോം ഓപ്പേറേറ്ററും വിതരണക്കാരും തമ്മില്‍ രേഖാമൂലമുള്ള കരാറില്‍ ഏര്‍പ്പെടണമെന്നും ചട്ടം പറയുന്നു. ഇത് പാലിച്ചില്ലായെങ്കില്‍ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കും. കൂടാതെ മൂന്ന് വര്‍ഷത്തേയ്ക്ക് കരിമ്പട്ടികയില്‍ പെടുത്തുമെന്നും ചട്ടം വ്യക്തമാക്കുന്നു. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏജന്റുമാര്‍ക്ക് 12മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com