'തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ വേണം'; ചര്‍ച്ചയായി നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍ 

ലോകത്ത് തൊഴില്‍ ഉല്‍പ്പാദനക്ഷമത ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ
എന്‍ ആര്‍ നാരായണമൂര്‍ത്തി,ഫയല്‍ ചിത്രം
എന്‍ ആര്‍ നാരായണമൂര്‍ത്തി,ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്ന ഇന്‍ഫോസിസ് സ്ഥാപകരിൽ ഒരാളായ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലോകത്ത് തൊഴില്‍ ഉല്‍പ്പാദനക്ഷമത ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്ന സംസ്‌കാരത്തിലേക്ക് നയിക്കുന്നതിന് രാജ്യത്തെ യുവജനങ്ങള്‍ സംഭാവന നല്‍കണം. എങ്കില്‍ മാത്രമേ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഫലപ്രദമായി മത്സരിക്കാന്‍ സാധിക്കൂ. ഇതിന് വേണ്ടി ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്നാണ് നാരായണ മൂര്‍ത്തി  ആഹ്വാനം ചെയ്തത്. പോഡ്കാസ്റ്റിലായിരുന്നു നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ജപ്പാന്‍, ജര്‍മനി എന്നി രാജ്യങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം വിശദീകരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈ രണ്ടു രാജ്യങ്ങള്‍ തൊഴില്‍ സമയം നീട്ടുന്നത് നടപ്പാക്കി. അതിന്റെ പ്രയോജനം ആ രാജ്യങ്ങളില്‍ കാണാമെന്നും നാരായണ മൂര്‍ത്തി ഓര്‍മ്മിപ്പിച്ചു. മുന്‍പും സമാനമായ നിലയില്‍ കോര്‍പ്പറേറ്റ് തലവന്മാര്‍ ഇത്തരത്തില്‍ അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്.

നാരായണ മൂര്‍ത്തിയുടെ വാക്കുകളോട് യോജിക്കുന്നു എന്നായിരുന്നു ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ പ്രതികരിച്ചത്. മറ്റ് രാജ്യങ്ങള്‍ പല തലമുറകള്‍ കൊണ്ട് നിര്‍മ്മിച്ചത് ഒരു തലമുറയില്‍ നിര്‍മ്മിക്കാനുള്ള അവസരമാണിതെന്നായിരുന്നു ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ കുറിച്ചത്. 2020ലും നാരായണ മൂര്‍ത്തി സമാനമായ ആഹ്വാനം നടത്തിയിരുന്നു. അന്ന് അടുത്ത മൂന്ന് വര്‍ഷം ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്നതായിരുന്നു ആഹ്വാനം. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ ഇത് പ്രയോജനം ചെയ്യുമെന്നായിരുന്നു അന്നത്തെ വാക്കുകള്‍. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലിബാബ സ്ഥാപകന്‍ ജാക്ക് മാ മുന്നോട്ടുവെച്ച തൊഴില്‍ സംസ്‌കാരം വലിയ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്.കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുമെന്നതായിരുന്നു ജാക്ക് മായുടെ പ്രഖ്യാപനം. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ജോലി സമയമായി ജാക്ക് മാ നിര്‍ദേശിച്ചത്. ആഴ്ചയില്‍ ആറുദിവസം ഇത്തരത്തില്‍ ജോലി ചെയ്താല്‍ തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കും. വലിയ ടെക് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ ഇത് സാധാരണമാണെന്നും ജാക്ക് മാ പറഞ്ഞുവെച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌ക്, ആഴ്ചയില്‍ നൂറ് മണിക്കൂറിലേറെ ജോലി ചെയ്യാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com