48 എംപി പ്രൈമറി ക്യാമറ, ഡൈനാമിക് ഐലന്‍ഡ് നോച്ച്, ടൈപ്പ് സി ചാര്‍ജിങ്; വന്നു ഐഫോണിന്റെ പുതിയ ഫോണ്‍

ഐഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം
പുതിയ ഐഫോണ്‍ 15, സ്‌ക്രീന്‍ഷോട്ട്‌
പുതിയ ഐഫോണ്‍ 15, സ്‌ക്രീന്‍ഷോട്ട്‌

ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ഐഫോണ്‍ 15 ശ്രേണിയില്‍ ഉള്‍പ്പെട്ട പുതുനിര ഫോണുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ,ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നി നാലു മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ ഡിസൈന്‍, പുതിയ ഫീച്ചറുകള്‍, അഞ്ച് കളര്‍ ഓപ്ഷനുകള്‍ എന്നിവയാണ് ഐഫോണ്‍ 15യെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 ഇന്ത്യയില്‍ അവതരിപ്പിച്ച അതേ വിലയിലാണ് ഐഫോണ്‍ 15നും പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ 15ന്റെ 128 ജിബി വേരിയന്റിന് 79,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയുമാണ് വില. 512 ജിബി വേരിയന്റ് 1,09,900 രൂപ നല്‍കണം.ഐഫോണ്‍ 15 സെപ്റ്റംബര്‍ 22 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. സെപ്റ്റംബര്‍ 15 മുതല്‍ ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഐഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേകള്‍ ആണുള്ളത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഐഫോണ്‍ 14ന്റെയും മുന്‍ മോഡലുകളുടെയും അതേ ഡിസൈന്‍ തന്നെയാണ് ഇത്തവണയും നിലനിര്‍ത്തിയിരിക്കുന്നത്. എന്നിരുന്നാലും, സാധാരണ നോച്ചിന് പകരം ഒരു ഡൈനാമിക് ഐലന്‍ഡ് നോച്ച് ലഭിക്കും. ഇത് കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ ഹിറ്റായിരുന്നു. ടൈപ്പ് സി ചാര്‍ജിങ് സംവിധാനമാണ് ഐഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

48 എംപി പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതില്‍ ഉള്ളത്. ഡിഫോള്‍ട്ട് ആയി 24 എംപി സൂപ്പര്‍ എച്ച്ഡി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതില്‍ സാധിക്കും. ഫോക്കസ്, ഡെപ്ത് കണ്‍ട്രോള്‍ സംവിധാനങ്ങളോടു കൂടിയ മെച്ചപ്പെട്ട പോര്‍ട്രെയ്റ്റുകള്‍ പകര്‍ത്താന്‍ ഇതില്‍ സാധിക്കും.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ഓള്‍വേയ്‌സ് ഓണ്‍, പ്രോ മോഷന്‍ സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ റിങ്  സൈലന്റ് മോഡുകള്‍ മാറ്റുന്നതിനായി നല്‍കിയിരുന്ന ടോഗിള്‍ ബട്ടന്‍ ഒഴിവാക്കി പുതിയ ആക്ഷന്‍ ബട്ടന്‍ അവതരിപ്പിച്ചു. ഈ ബട്ടന്‍ ഉപയോഗിച്ച് ഫോണിലെ ക്യാമറ, ഫ്‌ലാഷ് ലൈറ്റ് പോലുള്ള മറ്റ് ഫീച്ചറുകളും നിയന്ത്രിക്കാനാവും. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com