കാറില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമല്ല, പക്ഷേ...; നിതിന്‍ ഗഡ്കരി

കാറില്‍ ആറ് എയര്‍ബാഗുകള്‍ വേണമെന്ന നിര്‍ദേശം നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി /ഫയല്‍ചിത്രം
നിതിന്‍ ഗഡ്കരി /ഫയല്‍ചിത്രം

ന്യൂഡല്‍ഹി: കാറില്‍ ആറ് എയര്‍ബാഗുകള്‍ വേണമെന്ന നിര്‍ദേശം നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. യാത്രക്കാര്‍ ഏറെ ജാഗരൂകരാണ്. ആറ് എയര്‍ബാഗുകള്‍ ഉള്ള മോഡല്‍ കാറുകള്‍ വാങ്ങാനാണ് ജനം ആഗ്രഹിക്കുന്നത്. കാറില്‍ ആറ് എയര്‍ബാഗുകള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ഉല്‍പ്പാദകര്‍, വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. ആറ് എയര്‍ബാഗുകള്‍ കാറില്‍ ഘടിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് തന്നെ തീരുമാനിക്കാമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2022ന്റെ തുടക്കത്തില്‍ കാറില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശത്തിന് നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 2022 ജനുവരിയില്‍ ഇതുസംബന്ധിച്ച് കരട് വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ചട്ടം പ്രാബല്യത്തില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, കാറില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമല്ലെന്ന് മന്ത്രി തിരുത്തിപറഞ്ഞത്.

'ജനങ്ങള്‍ ഇപ്പോള്‍ ജാഗ്രതയിലാണ്. ഏത് ഇക്കണോമിക് മോഡലില്‍ ആറ് എയര്‍ബാഗുകളുണ്ടോ, ആ കാര്‍ വാങ്ങാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഞങ്ങള്‍ അത് നിര്‍ബന്ധമാക്കേണ്ടതില്ല. അത് തീരുമാനിക്കേണ്ടത് നിര്‍മ്മാതാക്കളാണ്. അത് ചെയ്യാന്‍ ആഗ്രഹിക്കാത്ത നിര്‍മ്മാതാക്കള്‍, അവരുടെ വില്‍പ്പനയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ ആറ് എയര്‍ബാഗുകള്‍ ഉണ്ടാക്കണം. അവര്‍ക്ക് അത് ആവശ്യമില്ലെങ്കില്‍, അത് അവരുടെ പ്രശ്‌നമാണ്.'- ഗഡ്കരി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com