ആധാര്‍ നമ്പര്‍ ഇതുവരെ കൊടുത്തില്ലേ?, വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെ അക്കൗണ്ടുകള്‍ ഉടൻ മരവിപ്പിച്ചേക്കാം; മുന്നറിയിപ്പ്

വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ ഈ മാസം 30നകം ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ ഈ മാസം 30നകം ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. അല്ലാത്തപക്ഷം വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട പോസ്റ്റ്ഓഫീസുകളില്‍ സെപ്റ്റംബര്‍ 30നകം ആധാര്‍ നമ്പര്‍ നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. 

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി വിവിധ ലഘു സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ നിര്‍ബന്ധമായി ആധാര്‍ നമ്പര്‍ നല്‍കണമെന്ന് മാര്‍ച്ച് 31ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. നിലവിലുള്ള നിക്ഷേപകര്‍ക്കും ഇത് ബാധകമാണെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനോടകം തന്നെ നിക്ഷേപം നടത്തിയ, ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ ആറുമാസത്തിനകം അതത് പോസ്റ്റ് ഓഫീസുകളില്‍ ആധാര്‍ നമ്പര്‍ നല്‍കണം. സെപ്റ്റംബര്‍ 30നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇത് പാലിച്ചില്ലായെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കും. ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ വീണ്ടും അക്കൗണ്ടുകള്‍ ആക്ടീവാക്കുകയുള്ളൂവെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അക്കൗണ്ട് മരവിപ്പിച്ചാല്‍, പലിശ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളെ ബാധിക്കാം. കൂടാതെ പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനും തടസ്സം നേരിടും. കാലാവധി കഴിഞ്ഞാല്‍ മുഴുവന്‍ തുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനും തടസ്സം നേരിടാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com