മാസം 5000 രൂപ നിക്ഷേപിക്കാന്‍ തയ്യാറാണോ?, കോടീശ്വരനാകാം!; എസ്‌ഐപിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍

മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ എസ്ഐപിയില്‍ (systematic investment plan) നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്
 എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല
എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ലപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ എസ്ഐപിയില്‍ (systematic investment plan) നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പരമ്പരാഗത സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപത്തില്‍ ഡൈവേഴ്സിഫിക്കേഷന്‍ കൊണ്ടുവരണമെന്ന ചിന്തയും എസ്ഐപിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചതിന് പിന്നിലെ കാരണമാണ്. നിശ്ചിത തുക സ്ഥിരമായ ഇടവേളകളില്‍ നിശ്ചിത കാലത്തേയ്ക്ക് മ്യൂച്ചല്‍ഫണ്ടില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല.

എങ്കിലും വര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ എസ്ഐപി വഴി ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ മാസംതോറും 5000 രൂപ വീതം നിക്ഷേപിച്ചാല്‍ 26 വര്‍ഷം കൊണ്ട് കോടിപതിയാകാമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 12 ശതമാനം പലിശ കണക്കാക്കിയാണ് ഒരു കോടിയില്‍പ്പരം രൂപ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ എത്തിച്ചേര്‍ന്നത്.

പ്രതിമാസം 5000 രൂപ വീതം 26 വര്‍ഷം നിക്ഷേപിച്ചാല്‍ 15,60,000 രൂപയാണ് മൊത്തം നിക്ഷേപം വരിക. 12 ശതമാനം പലിശ കണക്കാക്കിയാല്‍ ലാഭം മാത്രമായി 91,95,560 രൂപ കിട്ടും. അങ്ങനെയെങ്കില്‍ നിക്ഷേപിച്ച തുകയും ലാഭവും ചേര്‍ത്ത് കൂട്ടിയാല്‍ 1,07,55, 560 രൂപ ലഭിക്കുമെന്ന് കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ എസ്ഐപിയില്‍ നിക്ഷേപിക്കുന്നവര്‍ ചിലര്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കാം. അവ ചുവടെ:

1. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഇല്ലാതെ എസ്ഐപിയില്‍ നിക്ഷേപിക്കാന്‍ പാടില്ല. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഉണ്ടെങ്കില്‍ മാത്രമേ ഇതിന് അനുയോജ്യമായ എസ്ഐപി പ്ലാന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് നിക്ഷേപിക്കുന്നതിന് മുന്‍പ് എന്തിനാണ് നിക്ഷേപിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ജോലിയില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാലും സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ മുന്‍കൂട്ടി കണ്ട് സേവ് ചെയ്യാന്‍ , വീട് വാങ്ങാന്‍, കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി ലക്ഷ്യം മുന്‍കൂട്ടി നിശ്ചയിച്ച് ഇതില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2. നിക്ഷേപം കൃത്യമായി ബാലന്‍സ് ചെയ്യുന്നതായിരിക്കണം. മാസംതോറുമുള്ള നിക്ഷേപത്തിന്റെ തുക തീരെ കുറഞ്ഞ് പോകാതെ നോക്കണം. നിക്ഷേപ തുക കുറഞ്ഞുപോയാല്‍ ലക്ഷ്യം പൂര്‍ണമായി നേടാന്‍ കഴിയണമെന്നില്ല. അതുപോലെ തന്നെ നിക്ഷേപിക്കുന്നത് കൂടി പോകാനും പാടില്ല. ഓരോരുത്തരുടെയും സാമ്പത്തിക നില നോക്കി വേണം നിക്ഷേപിക്കാന്‍. കൂടുതല്‍ നിക്ഷേപിച്ചാല്‍ ചില സമയങ്ങളില്‍ സ്ഥിരമായി അടച്ചുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം. ഇത് സാമ്പത്തിക സ്ഥിരതയെ ബാധിച്ചെന്നും വരാം. അതുകൊണ്ട് സാമ്പത്തിക നില കണക്കാക്കി വേണം നിക്ഷേപിക്കാന്‍. നിക്ഷേപം ദീര്‍ഘകാലത്തേയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ഉത്തമവിശ്വാസത്തില്‍ വേണം നിക്ഷേപിക്കാന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

3. ഡൈവേഴ്സിഫൈഡ് നിക്ഷേപത്തിന് ശ്രമിക്കണം. ഒരെണ്ണത്തില്‍ തന്നെ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കും. പകരം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വിവിധ എസ്ഐപി സ്‌കീമുകളിലായി നിക്ഷേപിക്കുക. അങ്ങനെ ചെയ്താല്‍ റിസ്‌ക് കുറയ്ക്കാന്‍ സാധിക്കും. ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ നിക്ഷേപ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ തയ്യാറാവുക. ദീര്‍ഘകാലത്തേയ്ക്ക് ഇത് ഗുണം ചെയ്യും.

4. പോര്‍ട്ട്ഫോളിയോ ഇടയ്ക്കിടെ വിലയിരുത്തുന്നത് നല്ലതാണ്. മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കും. ചില മേഖലകളില്‍ പ്രകടനം മോശമായിരിക്കും. അങ്ങനെ വന്നാല്‍ സ്വിച്ച് ചെയ്യാനും മറ്റും ഇടയ്ക്കിടെയുള്ള പോര്‍ട്ട്ഫോളിയോ വിലയിരുത്തല്‍ വഴി സാധിക്കും.

5. റിട്ടേണില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷ ചിലപ്പോള്‍ നിരാശയ്ക്ക് കാരണമാകാം. ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിച്ച് നിക്ഷേപിക്കുമ്പോള്‍ റിസ്‌കും ഉയര്‍ന്ന തലത്തിലായിരിക്കും. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ അല്ല എന്ന കാര്യം ഓര്‍ക്കണം. വിപണി അധിഷ്ഠിതമായത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുകൊണ്ട് നിക്ഷേപിക്കുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്.

 എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല
17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ഐസിഐസിഐ ബാങ്ക് ബ്ലോക്ക് ചെയ്തു; കാരണമിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com