ഇന്റര്‍ചേഞ്ച് ഫീസ്, ഇടപാട് പരിധി...; ഇന്നുമുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം 

സാമ്പത്തിക ഇടപാട് നടത്താന്‍ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാട് നടത്താന്‍ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഡിജിറ്റല്‍ പണമിടപാടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതും യുപിഐ സംവിധാനത്തെയാണ്. യുപിഐയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ പുതുവര്‍ഷ ദിനമായ ഇന്ന് പ്രാബല്യത്തില്‍ വന്നു. അവ ചുവടെ:

യുപിഐ ഐഡികള്‍:

ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ഇന്നു മുതല്‍ പണം സ്വീകരിക്കാന്‍ സാധിക്കില്ല. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ്. യുപിഐ സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, ബാങ്കുകള്‍ എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ദുരുപയോഗം തടയുക ലക്ഷ്യമിട്ടാണ് പുതിയ മാറ്റം കൊണ്ടുവന്നത്.

ഇടപാട് പരിധി:

വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യത്തിന് യുപിഐ വഴിയുള്ള ഇടപാട് പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് റിസര്‍വ് ബാങ്ക് ആണ് പരിധി ഉയര്‍ത്തിയത്. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു.

ഇന്റര്‍ചേഞ്ച് ഫീസ്:

2,000 രൂപയ്ക്ക് മുകളിലുള്ള പ്രത്യേക മര്‍ച്ചന്റ് യുപിഐ ഇടപാടുകള്‍ക്ക് ഓണ്‍ലൈന്‍ വാലറ്റുകള്‍ പോലെയുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രമെന്റുകള്‍ (പിപിഐ) വഴി നടത്തുന്നതിന്, 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ബാധകമാകും.

സമയപരിധി:

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കുന്നതിന് ഉപയോക്താക്കള്‍ തമ്മില്‍ ആദ്യമായി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ഇനി സമയപരിധി ഉണ്ടാവും. ഇടപാട് പൂര്‍ത്തിയാവാന്‍ നാലുമണിക്കൂര്‍ സമയപരിധിയാണ് നിശ്ചയിച്ചത്.നേരത്തെ പരസ്പരം ഇടപാടുകള്‍ നടത്താത്ത ഉപയോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക. പിന്നീട് ടാപ്പ് ആന്റ് പേ ഫീച്ചര്‍ ആക്ടീവ് ചെയ്ത് യുപിഐ അംഗങ്ങള്‍ക്ക് ഇടപാട് നടത്താന്‍ സാധിക്കും. 

യുപിഐ എടിഎം:

ദേശവ്യാപകമായി യുപിഐ എടിഎമ്മുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍ബിഐ. ഈ വര്‍ഷം ഇതില്‍ പുരോഗതി ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com