പെപ്‌സികോ ഇന്ത്യയുടെ തലപ്പത്ത് ഇന്ത്യക്കാരന്‍; ആരാണ് ജാഗ്രത് കൊടെച്ച?

ഭക്ഷ്യമേഖലയിലെ പ്രമുഖ കമ്പനിയായ പെപ്‌സികോ ഇന്ത്യയുടെ തലപ്പത്ത് മാറ്റം
ജാഗ്രത് കൊടെച്ച, എക്സ്
ജാഗ്രത് കൊടെച്ച, എക്സ്

ന്യൂഡല്‍ഹി: ഭക്ഷ്യമേഖലയിലെ പ്രമുഖ കമ്പനിയായ പെപ്‌സികോ ഇന്ത്യയുടെ തലപ്പത്ത് മാറ്റം. നിലവില്‍ പെപ്‌സികോ ആഫ്രിക്കയുടെ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസറായ ജാഗ്രത് കൊടെച്ചയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയാണ് പെപ്‌സികോയുടെ ഇന്ത്യന്‍ ടീമിന്റെ തലവനാക്കിയത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ മേധാവി സ്ഥാനം വഹിച്ചിരുന്ന അഹമ്മദ് അല്‍ ഷെയ്ക്കിനെ കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ശാഖയിലേക്ക് മാറ്റിയ ഒഴിവിലാണ് ജാഗ്രതിന്റെ നിയമനം. കഴിഞ്ഞ ഏഴുവര്‍ഷം അഹമ്മദ് അല്‍ ഷെയ്ക്ക് ആയിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്.

കമ്പനിയുടെ തലപ്പത്ത് നടത്തിവരുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ടീമിന്റെ നേതൃത്വത്തിലും മാറ്റം കൊണ്ടുവന്നതെന്ന് പെപ്‌സികോ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ആറുവര്‍ഷ കാലയളവില്‍ പെപ്‌സികോ ഇന്ത്യയുടെ ബിസിനസ് ഉള്‍പ്പെടെയുള്ള തലങ്ങളില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അഹമ്മദ് അല്‍ ഷെയ്ക്കിന് സാധിച്ചു. ജാഗ്രതിന് കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

1994ലാണ് ജാഗ്രത് പെപ്‌സികോയുടെ ഭാഗമാകുന്നത്.  സെയില്‍സ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ നീണ്ടക്കാലത്തെ അനുഭവസമ്പത്തുണ്ട്. 2018ല്‍ പെപ്‌സികോ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് ഉല്‍പ്പന്നങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. കോണ്‍ ചിപ്പ്‌സായ ഡോറിറ്റോസ് കമ്പനി അവതരിപ്പിച്ചത് ജാഗ്രത് വൈസ് പ്രസിഡന്റായിരുന്ന കാലത്താണെന്നും കമ്പനി വ്യക്തമാക്കി.മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബിഇ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ജാഗ്രത്തിന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com