പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സ്, ഉപയോക്താക്കള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?; വിശദാംശങ്ങള്‍

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം തുടര്‍ന്നും നല്‍കാനാണ് പേടിഎമ്മിനെ അനുവദിച്ചത്
 പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചു
പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചുഫയൽ

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്നതിനിടെ, പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം തുടര്‍ന്നും നല്‍കാനാണ് പേടിഎമ്മിനെ അനുവദിച്ചത്. ഫോണ്‍പേ, ഗൂഗിള്‍ പേ പോലെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ പേടിഎമ്മിന് സാധിക്കും. മറ്റു ബാങ്കുകളുടെ നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്.

മാര്‍ച്ച് 15ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അടക്കമുള്ള സേവനങ്ങളില്‍ നിന്നാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ഇത് പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ആണ് പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അനുവദിച്ചത്. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ യുപിഐ സേവനങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ അനുവദിക്കണമെന്ന പേടിഎമ്മിന്റെ അപേക്ഷ പരിഗണിച്ചാണ് എന്‍പിസിഐയുടെ നടപടി. പേടിഎമ്മിന്റെ ബാങ്കിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും ഫോണ്‍പേ, ഗൂഗിള്‍ പേ പോലെ ഉപയോക്താക്കള്‍ക്ക് പേടിഎമ്മില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പേടിഎം യുപിഐ സേവനം നല്‍കുന്നത്.

'@Paytm' ഹാന്‍ഡില്‍ യെസ് ബാങ്കിലേക്ക് റീ ഡയറക്ടു ചെയ്യുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും യുപിഐ ഇടപാടുകളും ഓട്ടോപേ മാന്‍ഡേറ്റുകളും തടസ്സമില്ലാതെ ചെയ്യാന്‍ സാധിക്കുമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com