മരണട്രാക്ക് മുറിച്ചുകടന്ന് കുഞ്ഞ് സാലിഹ് വീണ്ടും പിച്ചവെച്ചു 

മരണട്രാക്ക് മുറിച്ചുകടന്ന് കുഞ്ഞ് സാലിഹ് വീണ്ടും പിച്ചവെച്ചു 

കഴിഞ്ഞ ഏപ്രില്‍ 29ന് റെയില്‍വേ ട്രാക്കില്‍ കാലുകളറ്റുകിടന്ന സാലിഹിന് രക്ഷയായത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേരായിരുന്നു.

ഇരുകാലുകളും അറ്റ് പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ നിലവിളിച്ചുകൊണ്ട് കിടന്ന രണ്ടരവയസ്സുകാരന്‍ ഇന്ന് ജീവിതത്തിലേക്ക് വീണ്ടും നടന്നുതുടങ്ങുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു പുനര്‍ജന്മം തന്നെയാണ്. നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ മകന്‍ സാലിഹാണ് കാലുകള്‍ അറ്റ് റെയില്‍വേ ട്രാക്കില്‍ നിലവിളിച്ചു കിടന്ന ആ പിഞ്ചു കുഞ്ഞ്. അമ്മ സഹീദയ്‌ക്കൊപ്പമാണ് സാലിഹ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നത്. ഇവിടെവെച്ച് ഇരുവരും അപകടത്തില്‍പെടുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ സഹീദ മരണപ്പെട്ടു. സാഹിദയ്ക്കു സമീപം രക്തത്തില്‍ കുളിച്ചു കിടന്ന രണ്ടര വയസ്സുകാരന്‍ ജീവിതത്തിലേയ്ക്ക് നടന്നു കയറുമെന്ന് അന്നു രക്ഷപെടുത്തിയവര്‍ പോലും വിചാരിച്ചു കാണില്ല.

കഴിഞ്ഞ ഏപ്രില്‍ 29ന് റെയില്‍വേ ട്രാക്കില്‍ കാലുകളറ്റുകിടന്ന സാലിഹിന് രക്ഷയായത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേരായിരുന്നു. വേദനയില്‍ നിലവിളിച്ചു തളര്‍ന്ന സാലിഹിനെ എടുത്ത ഒരാളും അറ്റുപോയ കാലുകള്‍ പ്ലാസ്റ്റിക് കവറില്‍ എടുത്ത മറ്റൊരാളും. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് സാലിഹിനെ എത്തിച്ചെങ്കിലും അറ്റ കാലുകള്‍ ഐസ് ബോക്‌സിലാക്കി ഇവിടെനിന്ന് മംഗലാപുരത്തുള്ള എജെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം.  ശരീരത്തില്‍ നിന്ന് ധാരാളമായി രക്തം വാര്‍ന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല. സാലിഹിന്റെ ചികിത്സയ്ക്കായുള്ള പണം അതിവേഗം സ്വരൂപിക്കാന്‍ പയ്യന്നൂര്‍ പോലീസിസും ഒപ്പം നിന്നു. ഇതോടെ ശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങള്‍ വേഗത്തിലായി.

മുന്‍കൂട്ടി അറിയിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്ക് മറ്റ് താമസമൊന്നും നേരിട്ടില്ല. എന്നാല്‍ കുട്ടിയെകുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത പശ്ചാതലത്തിലും പോലീസ് നല്‍കിയ ഉറപ്പിന്‍മേലായിരുന്നു ശസ്ത്രക്രിയ ആരംഭിച്ചത്. മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ദിനേശ് കദമിന്റെ നേതൃത്വത്തില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സാലിഹിന്റെ അറ്റുപോയ കാലുകള്‍ തുന്നിച്ചേര്‍ത്തു. ഇന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ആറ് മാസം പിന്നിടുമ്പോള്‍ കുഞ്ഞ് സാലിഹ് വീണ്ടും പിച്ചവെച്ചുതുടങ്ങിയിരിക്കുന്നു. കാലുകളിലെ തൊലി വെച്ചുപിടിപ്പിച്ചതുള്‍പ്പെടെ മൊത്തം നാല് ശസ്ത്രക്രിയകള്‍ക്കാണ് കുഞ്ഞുസാലിഹ് വിധേയനായത്. ഞരമ്പുകളുടെ പുനര്‍നിര്‍മിതിക്കും വളര്‍ച്ചയ്ക്കും സാലിഹിന്റെ പ്രായം തുണയായപ്പോള്‍ ഏറെ ശ്രമകരമായിരുന്ന ശസ്ത്രക്രിയ വിജയം കാണുകയായിരുന്നു. ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനാരംഭിച്ച സാലിഹിന്റെ മുഖത്തെ പുഞ്ചിരിയിലുണ്ട് വേദനകള്‍ക്കിടെയിലും കൂടെ നിന്നവരോടുള്ള കടപ്പാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com