താജ്മഹല്‍, വെനിസ്, ബെയ്ജിംഗ്, 2018ലെ യാത്രകളില്‍ നിന്ന് ഈ സ്ഥലങ്ങള്‍ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

വിനോദസഞ്ചാരികളുടെ അതിപ്രസരം നിറഞ്ഞ സ്ഥലങ്ങളും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ള ഇടങ്ങളുമാണ് ഈ പട്ടികയില്‍ കൂടുതലും.
താജ്മഹല്‍, വെനിസ്, ബെയ്ജിംഗ്, 2018ലെ യാത്രകളില്‍ നിന്ന് ഈ സ്ഥലങ്ങള്‍ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

2018ല്‍ പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അതില്‍ നിന്ന് ഒഴിവാക്കേണ്ട ചില സ്ഥലങ്ങള്‍ കൂടെയുണ്ട്. ഫോഡോര്‍ എന്ന ട്രാവല്‍ ഗൈഡ്ബുക്കിന്റെ പ്രസാധകരാണ് പോകരുതാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. വിനോദസഞ്ചാരികളുടെ അതിപ്രസരം നിറഞ്ഞ സ്ഥലങ്ങളും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ള ഇടങ്ങളുമാണ് ഈ പട്ടികയില്‍ കൂടുതലും.

താജ്മഹല്‍ 
2018ല്‍ സന്ദര്‍ശിക്കരുതെന്ന് പറയുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയുടെ താജ്മഹലും ഉണ്ട്. താജ്മഹല്‍ നിര്‍മ്മിക്കപ്പെട്ടിട്ട് 369 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായി വൃത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2018ല്‍ ഇതിന്റെ ഭാഗമായി ചെളികൊണ്ടുള്ള ഒരു മിശ്രിതം ഇതിന് പുറമേ പൂശും. താജ്മഹല്‍ സന്ദര്‍ശിച്ച് മുമ്പില്‍ നിന്നൊരു ഉഗ്രന്‍ ചിത്രം സ്വന്തമാക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ താജ്മഹല്‍ സന്ദര്‍ശനം 2018ല്‍ ഒഴിവാക്കുന്നതാണ് ഉത്തമം. 

ഫാങ് നങാ പാര്‍ക്ക്
തായ്‌ലാന്‍ഡിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിവരികയാണ്. തായ്‌ലന്‍ഡിലെ ചില കടല്‍തീരങ്ങളാകട്ടെ അമിതോപയോഗം കാരണം മലിനീകരണത്തിന്റെ ഭീഷണിയിലാണ്. ഇതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു പൊയ്‌കൊണ്ടിരിക്കുകയാണ്. എന്നാല്‍ കുറച്ചൂകൂടെ തിരക്കുകുറഞ്ഞ സ്ഥലം തിരഞ്ഞെടുത്ത് യാത്ര ആസ്വദിക്കുന്നതല്ലേ കൂടുതല്‍ നല്ലതെന്നാണ് ചോദ്യം.

മ്യാന്‍മാര്‍
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ എല്ലാ സഞ്ചാരപ്രിയരുടെയും ലിസ്റ്റില്‍ ഉറപ്പായും സ്ഥാനമുറപ്പിച്ചിരുന്ന ഒരു സ്ഥലമാണ് മ്യാന്‍മാര്‍. എന്നാല്‍ റൊഹിംഗ്യ സമുദായത്തിനെതിരെ വ്യാപകമായി നടക്കുന്ന അക്രമാസക്തമായ പ്രചരണങ്ങള്‍ മ്യാന്‍മാറിനോടുള്ള മമത കുറച്ചിരിക്കുകയാണ്. 

മൗണ്ട് എവറസ്റ്റ്
മൗണ്ട് എവറസ്റ്റ് താണ്ടിയെന്ന് എല്ലാവരുടെയും മുന്നില്‍ തെളിയിച്ചുകാണിക്കാന്‍ മുതിരുമ്പോള്‍ അവിടെ പതിയിരിക്കുന്ന അപകടം മാത്രമല്ല വില്ലനാവുകയെന്നാണ് ഫോഡോര്‍ ചൂണ്ടികാട്ടുന്നത്. ഇതിനായി ചിലവ് വരുന്നത് ഏകദേശം 25,000- 45,000 ഡോളറാണ്. 2017ല്‍ മാത്രം ആറ് ആളുകള്‍ക്കാണ് എവറസ്റ്റ് താണ്ടുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 

മിസൗറി
ഇവിടുത്തെ നിയമ നിര്‍വഹണ ഉദ്യോഗസ്ഥര്‍ അഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ വെള്ളക്കാരേക്കാള്‍ അധികം തടയുന്ന വംശീയ വിവേചനമാണ് ഫോഡോര്‍ ചൂണ്ടികാട്ടുന്നത്. മിസൗറിയില്‍ വിവേചനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. 

ക്യൂബ
ക്യൂബ സന്ദര്‍ശിക്കാന്‍ അമേരിക്കക്കാര്‍ക്ക് ഇപ്പോഴും അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതിന് ശേഷമുണ്ടായ ചില നടപടികള്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കിയിട്ടുള്ള സങ്കീര്‍ണതകള്‍ ആശങ്കയുണ്ടാക്കുന്നതാണ്.

ഹോണ്ടുറാസ്
ഇവിടുത്തെ മരണനിരക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ് വരുന്നുണ്ടെങ്കിലും ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇപ്പോഴും ഹോണ്ടുറാസ്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സഞ്ചാരികള്‍ മറ്റേതെങ്കിലും സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് ഫോഡോര്‍ നല്‍കുന്ന ഉപദേശം.

വന്‍ മതിലും ബെയ്ജിംഗും 
ചൈനയിലെ വന്‍മതിലിന്റെ പല ഭാഗങ്ങളും ക്ഷയിച്ചുതുടങ്ങിയതാണ് വന്‍മതിലിനെ ലിസ്റ്റില്‍ എത്തിച്ചത്. ബെയ്ജിംഗിന് വിനയായതാകട്ടെ ഇവിടുത്തെ വായൂ മലിനീകരണവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com