പൊലീസ് സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പ്രതിക; എസ്‌ഐയായി ചുമതലയേറ്റു

ഇന്ത്യന്‍ പൊലീസ് സേനയിലെ എസ്‌ഐ പദവിലേക്കെത്തുന്ന ആദ്യ ട്രാന്‍സ്‌ജെഡര്‍ യുവതിയായി പ്രതിക യഷിനിയെന്ന ഇരുപത്തിയാറുകാരി
പൊലീസ് സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പ്രതിക; എസ്‌ഐയായി ചുമതലയേറ്റു

ചെന്നൈ: ഇന്ത്യന്‍ പൊലീസ് സേനയിലെ എസ്‌ഐ പദവിലേക്കെത്തുന്ന ആദ്യ ട്രാന്‍സ്‌ജെഡര്‍ യുവതിയായി പ്രതിക യഷിനിയെന്ന ഇരുപത്തിയാറുകാരി. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ ഞായറാഴ്ചയാണ് പ്രതിക എസ്‌ഐയായി ചുമതലയേറ്റത്. 

ഇന്ത്യന്‍ പൊലീസ് സേനയില്‍ അംഗമാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് പ്രതിക. തമിഴ്‌നാട് പൊലീസ് അക്കാദമയില്‍ ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് പ്രതിക ധര്‍മപുരി എസ്‌ഐയായി സ്ഥാനമേറ്റത്.   

പരിശീലന സമയത്ത് എല്ലാവരുടേയും ഭാഗത്ത് നിന്നും വേണ്ട പരിഗണന തനിക്ക് ലഭിച്ചിരുന്നു. ഭ്രൂണഹത്യയും, സ്ത്രീകള്‍ക്കെതിരായ അതിക്രമവും ഇല്ലാതാക്കുന്നതിനുവേണ്ടിയായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളെന്നും പാസിങ് ഔട്ട് പരേഡിന് ശേഷം പ്രതിക പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥയാവുകയാണ് പ്രതികയുടെ ലക്ഷ്യം. അതിനായി ജോലി സമയത്തെ ഇടവേളകളില്‍ സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറെടുക്കാനാണ് പ്രതികയുടെ പദ്ധതി. 

പ്രദീപ് എന്നായിരുന്നു പ്രതികയുടെ ആദ്യ പേര്. ട്രാന്‍സ്‌ജെന്‍ഡര്‍ ശസ്ത്രക്രിയ്ക്ക് മാതാപിതാക്കളുടെ അനുവാദം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിക ചെന്നൈയിലെത്തുകയായിരുന്നു. ഇവിടെ ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ ശസ്ത്രക്രീയയ്ക്ക് വിധേയമായി. 

വളരെ കാലം നീണ്ടുനിന്ന നിയമയുദ്ധങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതികയ്ക്ക് എസ്‌ഐ പദവിയിലേക്കുള്ള പരീക്ഷ എഴുതാന്‍ സാധിച്ചത്. പരീക്ഷ എഴുതാന്‍ കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ചിട്ടും, ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ പ്രതികയുടെ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ പ്രതികയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ ഒടുവില്‍ അധികൃതരും കീഴടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com