യാത്രയാണിവരുടെ ജീവിതം... ട്രെക്കിങ്ങിനായി ബാങ്ക് മാനേജരുടെ ജോലി ഉപേക്ഷിച്ച സ്മിത ചാറ്റര്‍ജിയുടെ കഥ

ലംങ്ക പാസ് സാഹസികയാത്രയില്‍ പങ്കെടുത്ത വളരെ കുറച്ച് സ്ത്രീകളിലൊരാളാണ് ഈ 45കാരി.
സ്മിത ചാറ്റര്‍ജി
സ്മിത ചാറ്റര്‍ജി

24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സ്മിത ചാറ്റര്‍ജിയെന്ന ഈ ബാങ്ക് മാനേജര്‍ തന്റെ ജോലിയോടും വലിയ ശമ്പളത്തോടും എന്നന്നേയ്ക്കുമായി വിടപറയുകയായിരുന്നു. യാത്രകളോടുള്ള അടങ്ങത്ത സ്‌നേഹമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. എന്തായാലും ഇന്നവര്‍ കരസ്ഥമാക്കിയ നേട്ടം ചെറുതൊന്നുമല്ല. ലംങ്ക പാസ് സാഹസികയാത്രയില്‍ പങ്കെടുത്ത വളരെ കുറച്ച് സ്ത്രീകളിലൊരാളാണ് ഈ 45കാരി.

ഉത്തരാഖണ്ഡിലെ 17300 അടി ഉയരമുള്ള പര്‍വ്വതമാണ് ലംങ്ക പാസ്. ഹിമാചല്‍ പ്രദേശിലെ ചിറ്റ്കുല്‍ എന്ന സ്ഥലത്തു നിന്നാണ് ഈ ട്രെക്കിങ്‌ ആരംഭിക്കുന്നത്. ഉത്തരാഞ്ചലിലെ ഹര്‍ഷിലില്‍ ഇതവസാനിക്കുകയും ചെയ്യും. 

വളരെ ലളിതജീവിതം ആഗ്രഹിക്കുകയും അങ്ങനെത്തന്നെ ജീവിക്കുകയും ചെയ്യുന്നയാളാണ് സ്മിത. ഇവര്‍ ട്രക്കിങ്ങിനും യാത്രയ്ക്കും വേണ്ടിയാണ് ആകെ പണം ചെലവാക്കുന്നത്. അതുകൊണ്ട് തന്നെ ഹൈദരാബാദ് ബാങ്കിലെ ജോലി ഉപേക്ഷിച്ചിറങ്ങുമ്പോള്‍ സ്മിതയ്ക്ക് ഒട്ടും സങ്കടമുണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ജോലി ഉപേക്ഷിച്ചത്. ഇവിടെ നിന്ന് ഞാന്‍ ആഗ്രഹിച്ചപോലെ ലീവ് കിട്ടില്ലായിരുന്നു. വര്‍ഷത്തില്‍ രണ്ടു തവണ കിട്ടുന്ന ലീവ് ഒന്നിനും തികയില്ല. അതുകൊണ്ട്, ആവശ്യത്തിന് പണം സമ്പാദിച്ച ശേഷം ഞാനെന്റെ ജോലി ഉപേക്ഷിച്ചു... സ്മിത സന്തോഷത്തോടെ പറഞ്ഞു നിര്‍ത്തി. 

മുട്ടിനൊപ്പം മഞ്ഞിലൂടെയും തണുത്തുറഞ്ഞ പുഴകളിലൂടെയുമെല്ലാമായിരുന്നു സ്മിതയുടെയും സംഘത്തിന്റെയും യാത്ര. കടുത്ത തണുപ്പില്‍ ഏറെ കഷ്ടപ്പെട്ടാണ് ഈ ഒന്‍പതംഗം സംഘം അവരുടെ യാത്ര പൂര്‍ത്തീകരിച്ചത്. പക്ഷേ.., കഷ്ടപ്പാടെല്ലാം ഇവര്‍ ആസ്വദിച്ചു എന്ന് മാത്രം. ഈ ട്രെക്കിങ് പൂര്‍ത്തിയാക്കിയ വളരെ ചുരുക്കം സ്ത്രീകളില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് സ്മിത പറയുന്നു.

ജോലി ഉപേക്ഷിച്ചതിന് ശേഷം വര്‍ഷത്തില്‍ മൂന്ന് തവണയാണ് സ്മിത ട്രക്കിങ് നടത്തുന്നത്. ജോലിയുള്ള സമയത്ത് അത് വര്‍ഷത്തിലൊന്ന് എന്ന കണക്കിലേ സാധിച്ചിരുന്നുള്ളു. പശ്ചിമഘട്ടത്തിലും ദക്ഷിണേന്ത്യയിലും മൊത്തം സഞ്ചരിക്കണമെന്നതാണ് സ്മിതയുടെ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com