മരിച്ചെന്ന് വിധിയെഴുതി ആശുപത്രി കൈമാറിയ ഇരട്ടകളില്‍ ഒന്നില്‍ ജീവന്റെ തുടിപ്പ്; കണ്ടെത്തിയത് സംസ്‌കാരത്തിനു തൊട്ടുമുമ്പ് 

ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രിയായ മാക്‌സിലാണ് സംഭവം
മരിച്ചെന്ന് വിധിയെഴുതി ആശുപത്രി കൈമാറിയ ഇരട്ടകളില്‍ ഒന്നില്‍ ജീവന്റെ തുടിപ്പ്; കണ്ടെത്തിയത് സംസ്‌കാരത്തിനു തൊട്ടുമുമ്പ് 

ഇരട്ടകുട്ടികളില്‍ ഒരാള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയതിനെതുടര്‍ന്ന് സംസ്‌കാരചടങ്ങുകള്‍ ക്രമീകരിച്ച് സംസ്‌കാരം നടത്താന്‍ തുടങ്ങിയ കുടുംബാംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സംസ്‌കാരത്തിന് തൊട്ടുമുമ്പാണ് കുഞ്ഞിന് ജീവന്‍ ഉണ്ടെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രിയായ മാക്‌സിലാണ് സംഭവം. 

ഇന്നലെ രാവിലെ 8മണിക്കാണ് ഇരട്ടകുട്ടികള്‍ക്ക് (ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും) മാക്‌സ് ആശുപത്രിയില്‍ ജന്മം നല്‍കിയത്. ആണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും പെണ്‍കുഞ്ഞ് ചാപിള്ളയാണെന്നുമാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചതെന്ന് കുഞ്ഞുങ്ങളുടെ മുത്തച്ഛന്‍ പ്രവീണ്‍ പറഞ്ഞു. മാക്‌സ് ആശുപത്രി ഈടാക്കികൊണ്ടിരുന്ന ഭീമമായ ചികിത്സാചിലവ് താങ്ങാനാവാതെ കുഞ്ഞുങ്ങളെ മറ്റൊരു ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാനായി കൈമാറാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ആണ്‍കുഞ്ഞും മരിച്ചെന്ന് ഇവരോട് പറയുന്നത്. 

കുഞ്ഞുങ്ങളുടെ ശരീരം സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോകുന്നവഴിയാണ് ആശുപത്രിയില്‍ നിന്നുതന്ന കുഞ്ഞുങ്ങളുടെ ശരീരമടങ്ങിയ കവറുകളില്‍ ഒന്ന് അനങ്ങുന്നതായി കണ്ടത്. ഇതേതുടര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ ഇവര്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ സ്ഥിതി സാധാരണഗതിയില്‍ തന്നെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

സംഭവത്തെതുടര്‍ന്ന് ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ മാക്‌സ് അധികൃതര്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഇത്തരത്തിലൊരു സംഭവം നടന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംഭവത്തെകുറിച്ച് വിശദീകരണം എടുത്തുകൊണ്ടിരിക്കുകയാണെന്നും മാക്‌സ് ആശുപത്രി അധികൃതര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അതിനാലാണ് ഡോക്ടറോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചു. 

കുഞ്ഞിന്റെ മാതാപിതാക്കള്‍ ഡല്‍ഹി പോലീസില്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. നിയമവിദഗ്ധരുമായി സംഭവത്തെകുറിച്ച് ചര്‍ച്ചചെയ്യുകയാണെന്നും നിയമപരമായ നടപടി എടുക്കുമെന്നുമാണ് പോലീസ് അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com