''എല്ലാവരും വെജിറ്റേറിനാകണമെന്ന് വാശി പിടിക്കരുത്'': ഒരു ജൈവ കര്‍ഷകന്റെ കുറിപ്പ്

ജൈവകര്‍ഷകസമിതി കൂട്ടായ്മയുടെ സാരഥിയുമായ ഇല്ല്യാസ് കെ.പി.
''എല്ലാവരും വെജിറ്റേറിനാകണമെന്ന് വാശി പിടിക്കരുത്'': ഒരു ജൈവ കര്‍ഷകന്റെ കുറിപ്പ്

കൊച്ചി: കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ കൈമാറാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. പല മേഖലകളിലുള്ളവര്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഒരു ജൈവ കര്‍ഷകന്റെ നിലപാട് കുറിക്കുകയാണ്‌. പരമ്പരാഗത നെല്ലിനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധയൂന്നിയ, പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന, ജൈവകര്‍ഷകസമിതി കൂട്ടായ്മയുടെ സാരഥിയുമായ ഇല്ല്യാസ് കെ.പി. എന്ന ചെറുപ്പക്കാരന്‍ തന്റെ നിലപാട് കുറിക്കുന്നു.

ഒരു ബലിപെരുന്നാളിന് പുലര്‍ച്ചയ്ക്ക്
പശുവിനെ അറക്കുന്ന സമയത്തായിരുന്നത്രേ
ഞാൻ ജനിച്ചതെന്ന് എന്ന് എന്റെ ഉമ്മ പറയാറുണ്ട്. ഇന്ന് 32 വയസ്സു തികയുമ്പോൾ പശുവിനെ കശാപ്പ്
ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള
കേന്ദ്ര സർക്കാരിന്റെ വിധിയെകുറിച്ചുള്ള ചർച്ചകളാണ് എനിക്കും ചുറ്റിലും നടക്കുന്നത്.
ഇടക്കാലത്ത് ഞാൻ പൂർണ്ണ വെജിറ്റേറിയനായിരുന്നു. എന്നാൽ ഇപ്പോൾ ഇടയ്ക്കൊക്കെ മീനും ഇറച്ചിയുമൊക്കെ കഴിക്കാറുണ്ട്. ഏതു ഭക്ഷണമാണ് നമ്മൾ കഴിക്കേണ്ടതെന്ന് ഫുക്കുവോക്കയോട് ആരോ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് "നിഷ്കളങ്ക ഭക്ഷണം" എന്നാണ്. അതായത് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് നിങ്ങളുടെ വിശപ്പടക്കാൻ ലഭ്യമായത് എന്താണോ ലഭിക്കുന്നത് അത് കഴിക്കുക.
മനുഷ്യൻ മൃഗങ്ങളെ വളർത്താൻ തുടങ്ങിയത് കൃഷിയാവശ്യത്തിന് മാത്രമമായിരുന്നില്ല. ഭക്ഷണാവശ്യത്തിന് കൂടി വേണ്ടിയായിരുന്നു. 
പശുവിനെ സംരക്ഷിക്കാനാണ് കശാപ്പ് നിരോധിച്ചതെങ്കിൽ അത് അവറ്റകളുടെ എണ്ണം കുറയ്ക്കാനാണ് പോകുന്നത്.
ഇന്ത്യയിൽ ആടുമാടുകളെ സംരക്ഷിക്കുന്ന കർഷരേറെയും അറവുകാർക്ക് വിൽക്കാൻ വേണ്ടിയിട്ട് തന്നെയാണ് വളർത്തുന്നത്.
വിൽക്കാനോ കൊന്നു തിന്നാനോ പറ്റുന്നില്ലായെങ്കിൽ പലരും ഇതിനെ വളർത്താൻ മെനക്കെടില്ല. 
നമ്മുടെ നാട്ടിൽ നാടൻ കോഴികൾ കുറഞ്ഞത് ബോയിലർ കോഴികൾ വന്നത് കൊണ്ട് മാത്രമല്ല. വിശ്വാസത്തിന്റെ ഭാഗമായി പല ക്ഷേത്രങ്ങളിലും കാവുകളിലും കോഴിവെട്ട്
ഒരാചാരമായിരുന്നു. ചില മുസ്ലിം പള്ളികളിലും ഈ ആചാരമുണ്ടായിരുന്നു.
അതിന് നാടൻ കോഴികൾ തന്നെ വേണമെന്നും നിബന്ധമുണ്ടായിരുന്നു.
ദേവിക്ക് അർപ്പിച്ചതിന് ശേഷം വളരെ ഭക്തിയോടു കൂടിയായിരുന്നു അവർ ഈ കോഴിയെ ഭക്ഷിച്ചിരുന്നത്. ഇതിന് വേണ്ടി മാത്രം ആളുകൾ നാടൻ കോഴികളെ വളർത്തി ഉഴിഞ്ഞ് വെയ്ക്കാറുണ്ടായിരുന്നു. പ്രാകൃതമെന്നും അന്തവിശ്വാസമെന്നും പറഞ്ഞ് പല ക്ഷേത്രങ്ങളും പള്ളികളും ഇത് നിർത്തലാക്കി. ഇതിൽ ചില യുക്തിവാദികൾക്ക് പങ്കുണ്ട്.
ഇന്ന് നല്ല നാടൻ കോഴികളെ നാട്ടിൽ കണ്ടു കിട്ടാൻ പ്രയാസമാണ്. കാണണമെങ്കിൽ പാലക്കാട് പോകണം. എരിമയൂർ ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ ഇപ്പോഴും കാണാം. കാരണം മലൈപോതിമലയിൽ
ഇപ്പോഴും കോഴിവെട്ടും ആടുവെട്ടുമൊക്കെ തകൃതിയായി നടക്കുന്നുണ്ട്. (ദയവായി യുക്തി വാദികൾ ആ വഴിക്ക് പോകരുത്) കൊടുങ്ങലൂർ ഭരണിക്ക് ദേവിക്ക് അർപ്പിക്കാൻ പാലക്കാടുള്ളവരാണ് കൂടുതൽ നാടൻ കോഴികളെ കൊണ്ട് വരാറ്. ഇവരൊന്നും കോഴിയെ കൃഷിയാവശ്യത്തിന് വളർത്തുന്നവരല്ല. 
നാളെ സംഘി ഗവണ്മെന്റ് കോഴി ഞങ്ങളുടെ പുണ്യ ദൈവമാണെന്നും അവയെ സംരക്ഷിക്കണമെന്നും അതിന്റെ കുഞ്ഞുങ്ങളാകുന്ന മുട്ടകൾ എടുത്ത് ഹോംലൈറ്റ് അടിക്കരുതെന്നും അശാസ്ത്രീയമായി കശാപ്പ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ലെന്നുമൊക്കെ തിട്ടൂരമിറക്കിയാൽ അതോട് കൂടി നമ്മുടെ നാട്ടിലെ കോഴികളില്ലാണ്ടാകും. വ്യക്തികളുടെ ഭക്ഷ്യ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലായെന്നും
ചിക്കൻ കഴിക്കുന്നവർ എല്ലാവരും ശാസ്ത്രീയമായി
വളർത്തി കൊന്നു പാചകം ചെയ്ത കെ. എഫ്. സി യിൽ പോയി വാങ്ങി കഴിക്കണമെന്നുമൊക്കെ നിയമത്തിലുണ്ടാകും (കെ.എഫ്സി.ചിക്കന്റെ ഗുണഗണങ്ങളെ കുറിച്ച് രവിചന്ദ്രന്റെ ഒരു നീണ്ട ലേഖനവും നമുക്ക് പ്രതീക്ഷിക്കാം. അത് വായിച്ച് ചിലര്‍ക്ക് നിർവൃതിയടയാം) മുതലാളിത്തത്തിന്റെയും ഫാഷിസത്തിന്റെയും ലക്ഷ്യം വൈവിധ്യങ്ങളെ തകർക്കുകയും എല്ലാറ്റിനെയും കേന്ദ്രീകരിച്ച് തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. .ഫാഷിസം അത് വിശ്വാസത്തിന്റെ കാര്യത്തിലും മുതലാളിത്തം വിത്തിലും ഭക്ഷണത്തിലും മറ്റു ഉൽപന്നങ്ങളിലും ഇത് ചെയ്തു കൊണ്ടിരിക്കുന്നു.
ആരും കോഴിചന്തം ആസ്വദിക്കാൻ വേണ്ടിയല്ല കോഴികളെ വളർത്തുന്നത്. മുട്ടയ്ക്കും ഇറച്ചിക്കുമൊക്കെ വേണ്ടി തന്നെയാണ്.
കൊല്ലാൻ പറ്റാതെ വരുമ്പോൾ ആളുകൾ ഉപേക്ഷിക്കാൻ തുടങ്ങും. മനുഷ്യൻ സംരക്ഷണിക്കുന്നില്ലായെങ്കിൽ
നാട്ടിൽ കോഴികളുടെ എണ്ണം പെരുകാനൊന്നും പോകുന്നില്ല. പട്ടിക്കും പൂച്ചക്കും കുറുക്കനുമൊന്നും സംഘി നിയമങ്ങൾ അറിയില്ലല്ലോ.
ആത്മാർത്തമായി ഈ ജീവികളെയൊക്കെ
സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവയെ വളർത്താനും കൊല്ലാനും തിന്നാനും അനുവദിക്കുകയാണ് വേണ്ടത്. എന്റെ സുഹൃത്തുക്കളായ മൃഗ സ്നേഹികളോട് പറയാനുള്ളത് നിങ്ങളീ സംഘി ഫലിതങ്ങളിൽ പെട്ടു പോകരുത്. ഈ ജീവിളെയൊക്കെ വളർത്തുന്ന കർഷകർ തന്നെയാണ് യഥാര്‍ത്ഥ മൃഗ സ്നേഹികൾ.
അവരിതിനെ വളർത്തുന്നതു കൊണ്ട് മാത്രമാണ് ഇത്രയും വൈവിധ്യം സംരക്ഷിക്കപ്പെടുന്നത്. അതാണ് അവരുടെ ഉപജീവന മാർഗ്ഗം.
അതിനെ വാങ്ങുന്നവരും കടത്തുന്നവരുമൊക്കെ വിൽക്കുന്നവരുമൊക്കെ അവറ്റകളോട് ക്രൂരമായി പെരുമാറുന്നുണ്ടായിരിക്കാം. അതെല്ലാം നിയന്ത്രിക്കേണ്ടതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 
എല്ലാവരും വെജിറ്റേറിനാകണമെന്ന് വാശി പിടിക്കരുത്. ഭക്ഷ്യഫാഷിസത്തിനെതിരെ നമ്മൾ ഒന്നിച്ച് കൈകോർക്കേണ്ടതുണ്ട്. ഇന്നത് ബീഫിലായിരിക്കും നാളെയത് ജനിതകമാറ്റം വരുത്തിയ കടുകിലോ മറ്റേതെങ്കിലും പച്ചക്കറികളിലോ ആയിരിക്കും അത്. ഒട്ടും വൈവിധ്യമില്ലാത്ത ഒരേയിനം ഭക്ഷണം കഴിക്കേണ്ട ഗതികേടിലേയ്ക്ക് അത് നമ്മെ കൊണ്ടെത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com