'വറ്റാത്ത അമ്മസ്‌നേഹം'; 80 വയസുകാരനായ മകനെ നോക്കാന്‍ കെയര്‍ ഹോമില്‍ എത്തി 98 വയസായ അമ്മ

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും തന്റെ മകന്റെ പരിചരണ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഈ അമ്മ
'വറ്റാത്ത അമ്മസ്‌നേഹം'; 80 വയസുകാരനായ മകനെ നോക്കാന്‍ കെയര്‍ ഹോമില്‍ എത്തി 98 വയസായ അമ്മ

മ്മ എന്നും അമ്മയായിരിക്കും. മക്കള്‍ക്ക് എത്ര പ്രായമായാലും അവരെ സ്‌നേഹിക്കാനും പരിചരിക്കാനുമുള്ള അമ്മമാരുടെ മനസ്സിന് മാറ്റമുണ്ടാകില്ല. ഇതിന് ഏറ്റവും വലിയ തെളിവാണ് 80 കാരനായ മകനെ നോക്കാള്‍ കെയര്‍ ഹോമിലെത്തിലെത്തിയ 98 കാരിയായ അമ്മയുടെ ജീവിതം. ഇംഗ്ലണ്ട് സ്വദേശിയായ അദ കീറ്റിംഗാണ് തന്റെ മകന്‍ ടോം കീറ്റിംഗിന് വേണ്ടി കെയര്‍ ഹോമില്‍ എത്തിയത്. 

ലിവര്‍പൂള്‍ സ്വദേശിയായ ടോമിന് അധിക പരിചരണവും പിന്തുണയും വേണ്ടിവന്നതോടെ 2016 ലാണ് പ്രായമായവര്‍ക്ക് വേണ്ടിയുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം തന്റെ മകനെ നോക്കുന്നതിനായി അദ കീറ്റിംഗും അതേ പരിചരണ കേന്ദ്രത്തിലേക്ക് വരികയായിരുന്നെന്ന് ലിവര്‍പൂള്‍ എക്കോ റിപ്പോര്‍ട്ട് ചെയ്തു. അമ്മയും മകനും തമ്മില്‍ ശക്തമായ ബന്ധമാണ് നിലനിന്നിരുന്നത്. അവിവാഹിതനായ ടോം മുന്‍പ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. 

അമ്മയാവുന്നത് നിങ്ങള്‍ക്ക് ഒരിക്കലും അവസാനിപ്പിക്കാനാവില്ലെന്നാണ് അദയുടെ വാക്കുകള്‍. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും തന്റെ മകന്റെ പരിചരണ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഈ അമ്മ. ടോമിനെ നോക്കാന്‍ കെയര്‍ ഹോമിലെ ജീവനക്കാര്‍ക്ക് വേണ്ട സഹായങ്ങളൊക്കെ അദ നല്‍കുന്നുണ്ട്. എല്ലാ ദിവസവും തന്റെ മകന്റെ മുറിയില്‍ എത്തി ഗുഡ് നൈറ്റ് പറയാനും ഗുഡ് മോണിംഗ് പറയാനും ഈ അമ്മ മറക്കാറില്ല. ടിവി പരിപാടികളും ഫുട്‌ബോളുമെല്ലാം കാണുന്നത് ഇരുവരും ഒന്നിച്ചാണ്. 

അദക്ക് നാല് മക്കളാണുള്ളത്. അതില്‍ ഏറ്റവും മൂത്തവനാണ് ടോം. അമ്മയേയും മകനേയും കാണാന്‍ ഇവരുടെ മറ്റ് കുടുംബാംഗങ്ങള്‍ ഇടയ്ക്ക് കെയര്‍ ഹോമില്‍ എത്താറുണ്ട്. ഇരുവരും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. അദയും ടോമും തമ്മിലുള്ള ബന്ധം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണെന്ന് മോസ് വ്യൂ കെയര്‍ ഹോമിന്റെ മാനേജര്‍ ഫിലിപ് ഡാനിയല്‍ പറഞ്ഞു. അമ്മയോടൊപ്പം ജീവിക്കുന്നതിന്റെ സന്തോഷത്തിലാണ് ടോം. അമ്മ വളരെ നന്നായി തന്നെ നോക്കുന്നുണ്ടെന്നും ഇടയ്ക്ക് ചീത്ത പറയാനും മറക്കാറില്ലെന്നും ടോം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com