കുടുക്ക പൊട്ടിച്ചു, നന്മയുടെ നാണയത്തുട്ടുകളാണ്; സ്റ്റഡി ടേബിള്‍ പിന്നെ വാങ്ങാം; ആച്ചു പറഞ്ഞു സമ്പാദ്യം ദുരിതാശ്വാസത്തിലേക്ക്

കുടുക്ക പൊട്ടിച്ചു, നന്മയുടെ നാണയത്തുട്ടുകളാണ്; സ്റ്റഡി ടേബിള്‍ പിന്നെ വാങ്ങാം; ആച്ചു പറഞ്ഞു സമ്പാദ്യം ദുരിതാശ്വാസത്തിലേക്ക്

ഇവിടെയിതാ ഒരു ഒന്നാം ക്ലാസുകാരന്‍ തന്റെ വലിയ സ്വപ്‌നങ്ങളിലൊന്ന് സാധ്യമാക്കാനായി നാളിതുവരെയായി സ്വരൂപിച്ച സമ്പാദ്യം മുഴുവന്‍ പ്രളയ ബാധിതരായി കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി തീരുമാനിച്ചു.


സ്‌കൂള്‍ കാലത്ത് ചില കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങള്‍ നാം കൊണ്ടുനടക്കാറുണ്ട്, കൊണ്ടുനടന്നിട്ടുണ്ട്. സ്വന്തമായി വരുമാനമില്ലാത്ത കാലമായതിനാല്‍ വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളും മറ്റും നാം കുടുക്ക പോലുള്ളവയില്‍ ഇട്ടു വയ്ക്കാറുമുണ്ട്. ഇത്തരം സമ്പാദ്യങ്ങള്‍ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് എടുക്കുമ്പോള്‍ നല്ലൊരു തുകയായിട്ടുണ്ടാകും. കണ്ട സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ എല്ലാ സാഹചര്യവും മുന്നിലുണ്ട്. എന്നാല്‍ തൊട്ടുമുന്‍പില്‍ വലിയ ദുരന്തങ്ങള്‍ നടക്കുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ മനുഷ്യത്വമുള്ള ആര്‍ക്കും സാധിക്കില്ല. ആ പണം ഒരു സമൂഹത്തിന് വെളിച്ചമാകാനും ഒരു കൂട്ടം സഹ ജീവികള്‍ക്ക് സാന്ത്വനമാകാനും ഉപകാരപ്പെടട്ടേ എന്ന് ചിന്തിക്കാന്‍ തോന്നുന്നതാണ് കരുണ. അതെത്ര ചെറിയ തുകയാണെങ്കിലും...

ഇവിടെയിതാ ഒരു ഒന്നാം ക്ലാസുകാരന്‍ തന്റെ വലിയ സ്വപ്‌നങ്ങളിലൊന്ന് സാധ്യമാക്കാനായി നാളിതുവരെയായി സ്വരൂപിച്ച സമ്പാദ്യം മുഴുവന്‍ പ്രളയ ബാധിതരായി കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി തീരുമാനിച്ചു. പ്രളയക്കെടുതിയില്‍ കേരളം വലയുമ്പോള്‍ തങ്ങളാല്‍ ആവുന്നത് നല്‍കി സഹജീവികളെ സഹായിക്കാന്‍ പലരും സന്നദ്ധരാകുന്നു. ആച്ചുവും അതുതന്നെ ചെയ്തു. തന്റെ കുടുക്കയിലെ ചെറിയ (വലിയ) സമ്പാദ്യം ദുരിതബാധിതര്‍ക്കായി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചുമിടുക്കന്‍.

സ്റ്റഡി ടേബിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ചതായിരുന്നു ആച്ചു ഈ പണം. എന്നാല്‍ അതിലും വലിയൊരു ഉത്തരവാദിത്വം ചെയ്യാനുണ്ടെന്ന് തോന്നിയ നന്മയ്ക്കാണ് വലിയ കൈയടി നല്‍കേണ്ടത്. കുടുക്ക പൊട്ടിച്ചതിനു ശേഷമുള്ള ആച്ചുവിന്റെ ഇരിപ്പും നിഷ്‌കളങ്കമായ നോട്ടവും ആരുടേയും ഹൃദയം കീഴടക്കും. കുഞ്ഞു മനസിലെ വലിയ നന്മ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. 

മാധ്യമപ്രവര്‍ത്തകന്‍ സലീഷിന്റെയും നൃത്ത അധ്യാപിക കലാമണ്ഡലം സൈലയുടെയും മകനാണ് ആവാസ് എന്ന ആച്ചു. മുക്കം മണാശ്ശേരി ഗവ. യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അച്ഛന്‍ സലീഷാണ് 'കുടുക്ക പൊട്ടിച്ചു. നാലക്ക സംഖ്യയുണ്ട്. ഒരു സ്റ്റഡി ടേബിള്‍ വാങ്ങാന്‍ വച്ചതായിരുന്നു. ഇനിയിത് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാല്‍ മതിയെന്ന് ആച്ചു' എന്ന അടിക്കുറിപ്പോടെ ആച്ചുവിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ആച്ചുവിന് അഭിനന്ദവുമായെത്തിയിരിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ള പ്രമുഖര്‍ സലീഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com