ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഒരു രാത്രിയോടെയായിരുന്നു സഞ്ജീവ് ശ്രീവാസ്ത എന്നയാള്‍ പ്രശസ്തനായത്. തന്റെ ഭാര്യക്കൊപ്പം സ്റ്റേജില്‍ കയറി നൃത്തം ചവിട്ടിയതോടെ ഈ അധ്യാപകന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. നൃത്തത്തിന്റെ വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിന് നില്‍ക്കാനും ഇരിക്കാനും സമയമില്ല. തുടര്‍ച്ചയായി വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാനാകുന്നില്ല.. എന്തിന് കുടുംബത്തോടൊപ്പം അല്പസമയം ഇരിക്കാന്‍ തന്നെ കഴിയുന്നില്ല..
മേയ് 12നാണ് തന്റെ ഭാര്യാസഹോദരന്റെ വിവാഹത്തിന് ശ്രീവാസ്തവ ഭാര്യ അഞ്ജലിക്കൊപ്പം നൃത്തം ചെയ്തത്. ഏറെ മെയ് വഴക്കത്തോടെ ഗോവിന്ദ സ്റ്റൈലില്‍ ചുവടുവെച്ച ഇദ്ദേഹത്തിനെ സാക്ഷാല്‍ ഗോവിന്ദ തന്നെ നേരിട്ട് അഭിനന്ദിച്ചിരുന്നു. തന്റെ നൃത്തത്തിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആള്‍ക്ക് നന്ദി പറയുകയാണ് ഇപ്പോള്‍ ഈ അധ്യാപകന്.
'ഈ വീഡിയോ വൈറല്‍ ആയതിന് ശേഷം എന്റെ ഫോണ്‍ ഒരു മിനിറ്റ് പോലും വെറുതെയിരുന്നിട്ടില്ല. ഒരു ദിവസം ആയിരത്തിലധികം ഫോണ്‍കോളുകളാണ് വരുന്നത്. ഇതിന് മറുപടി നല്കാനാകാതെ ഞാനെന്റെ ഫോണ്‍ സഹോദരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹമാണ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത്. ഇതിനിടെ എനിക്ക് ബോളിവുഡില്‍ നിന്നും അവസരം വന്നും. സുനില്‍ ഷെട്ടിയാണ് അഭിനയിക്കാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ച് വിളിച്ചത്. ഈ തിരക്കുകളെല്ലാം കഴിഞ്ഞ് അദ്ദേഹത്തിന് മറുപടി നല്‍കാനിരിക്കുകയാണ്'- ശ്രീവാസ്തവ പറഞ്ഞു.
എല്ലാ ദിവസവും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനായി ഓടി നടക്കുകയാണ് ഇദ്ദേഹം. ചില സമയങ്ങളില്‍ രാവിലെ എഴുന്നേറ്റയുടനേ അടുത്ത നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. മാത്രമല്ല, തന്നെ പ്രശംസിക്കാന്‍ ആളുകള്‍ വീട്ടില്‍ നേരിട്ടെത്തുന്നുണ്ടെന്നും ശ്രീവാസ്തവ പറയുന്നു. ഇപ്പോള്‍ ഭോപ്പാലിന്റെ ഡാന്‍സിങ് അങ്കിള്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നതു തന്നെ
അതേസമയം ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഇദ്ദേഹം. ഇത്രയും കാലം ഒരു സാധാരണക്കാരനായ കോളജ് പ്രഫസറായി ജീവിച്ച്, ഞൊടിയിടയില്‍ ജീവിതം മാറിമറയുമ്പോള്‍ അന്ധാളിച്ച് പോവുകയാണ്. ഏതായാലും ഈ സെലിബ്രിറ്റി ലൈഫ് താന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ് ശ്രീവാസ്തവ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ