അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ വിമാനം പറത്തി മകള്‍; എയര്‍ ഇന്ത്യയില്‍ അപൂര്‍വമായൊരു വിരമിക്കല്‍ ആഘോഷം 

ഇന്നലെ മുംബൈ-ബംഗളൂരു-മുംബൈ ഫ്‌ലൈറ്റില്‍ എയര്‍ ഇന്ത്യ സ്റ്റാഫായി അവസാന യാത്രയ്ക്ക് പൂജ എത്തിയപ്പോള്‍ വിമാനം പറത്താന്‍ മകള്‍ അഷ്‌റിതയും ഒപ്പമുണ്ടായിരുന്നു
അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ വിമാനം പറത്തി മകള്‍; എയര്‍ ഇന്ത്യയില്‍ അപൂര്‍വമായൊരു വിരമിക്കല്‍ ആഘോഷം 

മുംബൈ: എയര്‍ ഇന്ത്യയില്‍ കാബിന്‍ ക്രൂ മെബറായി 38വര്‍ഷത്തോളം ജോലി ചെയ്ത പൂജ ചിന്‍ചാന്‍കറിന് തൊഴിലിടത്തിലെ തന്റെ അവസാനദിനം എന്നും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കും. മൂന്ന് പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ച സ്ഥാപനത്തോട് വിടപറയുന്നതിനൊപ്പം ഇക്കാലമത്രയും മനസില്‍ സൂക്ഷിച്ച സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷവും ഈ ദിനത്തെ പൂജയ്ക്ക് പ്രിയപ്പെട്ടതാക്കുന്നു. വിരമിക്കുന്ന ദിനം ആ വിമനം പറത്തുന്നത് മകള്‍ അഷ്‌റിത ആയിരിക്കണമെന്നതായിരുന്നു പൂജയുടെ ആഗ്രഹം. ഇന്നലെ മുംബൈ-ബംഗളൂരു-മുംബൈ ഫ്‌ലൈറ്റില്‍ എയര്‍ ഇന്ത്യ സ്റ്റാഫായി അവസാന യാത്രയ്ക്ക് പൂജ എത്തിയപ്പോള്‍ വിമാനം പറത്താന്‍ മകള്‍ അഷ്‌റിതയും ഒപ്പമുണ്ടായിരുന്നു. 

യാത്രയ്ക്ക് ശേഷം അമ്മയുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷം അഷ്‌റിത ട്വിറ്ററിലൂടെ പങ്കുവച്ചു. അമ്മയുടെ ആഗ്രഹം സാധിച്ചുനല്‍കാനായതില്‍ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് അഷ്‌റിത ട്വീറ്റില്‍ കുറിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പൂജയുടെ വിരമിക്കല്‍ വാര്‍ത്തയെക്കുറിച്ച് യാത്രികരെയും അറിയിച്ചു. തൂടര്‍ന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ക്കൊപ്പം യാത്രക്കാരും വിരമിക്കല്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. ഇതിന്റെ വീഡിയോയും അഷ്‌റിത ട്വീറ്റിനൊപ്പം പങ്കുവച്ചു.

മാധ്യമ വിദ്യാര്‍ഥിനിയായിരുന്ന അഷ്‌റിതയോട് പൈലറ്റ് ആകാന്‍ താത്പര്യമുണ്ടോ എന്ന് പൂജയാണ് ചോദിച്ചത്. ഈ സംഭാഷണം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അഷ്‌റിത കോഴ്‌സിനു ചേരുകയായിരുന്നു. വളരെ ചുരുക്കം സ്ത്രീകള്‍ മാത്രം തിരഞ്ഞെടുക്കുന്ന ഒരു മേഖലയായതുകൊണ്ടുതന്നെ മകളെ പൈലറ്റായി കാണാന്‍ താന്‍ വളരെയധികം ആഗ്രഹിച്ചിരുന്നെന്ന് പൂജ പറയുന്നു. 

കാനഡയില്‍ നിന്നു പൈലറ്റ് ലൈസന്‍സ് ലഭിച്ച അഷ്‌റിത അമ്മയുടെ വിരമിക്കല്‍ ആഗ്രഹം കേട്ടതോടെയാണ് പല പ്രൈവറ്റ് എയര്‍ലൈനുകളുടെയും ഓഫര്‍ വേണ്ടെന്നുവച്ച് എയര്‍ ഇന്ത്യ തിരഞ്ഞെടുത്തത്. ആഗ്രഹത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് എല്ലാം വിചാരിച്ചപോലെ സാധ്യമാകുകയായിരുന്നെന്ന് അഷ്‌റിത പറയുന്നു. 1980 ഡിസംബറിലാണ് പൂജ എയര്‍ ഇന്ത്യയില്‍ ജോലിക്ക് പ്രവേശിക്കുന്നത്. 1981 മുതല്‍ മുംബൈയില്‍ ജോലിക്കെത്തി. പൂജയുടെ മകള്‍ അഷ്‌റിത 2016 ലാണ് പൈലറ്റാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com