അമ്മ എട്ടുവര്‍ഷം മുന്‍പ് തീവണ്ടിയപകടത്തില്‍ മരിച്ചെന്ന് കരുതി; അവസാനം കണ്ടെത്തിയത് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്

പേരൂര്‍കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശിയായ ലതയാണ് ടെക്‌നോപാര്‍ക് ജീവനക്കാരുടെ ഇടപെടലില്‍ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നത്
അമ്മ എട്ടുവര്‍ഷം മുന്‍പ് തീവണ്ടിയപകടത്തില്‍ മരിച്ചെന്ന് കരുതി; അവസാനം കണ്ടെത്തിയത് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്

കഴക്കൂട്ടം; അമ്മ തീവണ്ടിയപകടത്തില്‍ മരിച്ചെന്നാണ് കഴിഞ്ഞ എട്ടു വര്‍ഷമായി രാഹുല്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഇത്രനാള്‍ മരിച്ചെന്നു കരുതിയ അമ്മയെ ഒറ്റദിവസം കൊണ്ട് തിരികെകിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. പേരൂര്‍കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശിയായ ലതയാണ് ടെക്‌നോപാര്‍ക് ജീവനക്കാരുടെ ഇടപെടലില്‍ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നത്. 

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട മകനേയും ഭര്‍ത്താവിനേയും കണ്ണീരോടെയാണ് അമ്മ സ്വീകരിച്ചത്. കേരളത്തിലെ നീണ്ട നാളത്തെ അഭയാര്‍ത്ഥി ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ഇവര്‍. മധ്യപ്രദേശിലെ സുല്‍ത്താന്‍പുരുകാരിയാണ് ലത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവണ്ടിയപകടത്തില്‍ ഇവര്‍ മരിച്ചെന്ന് കരുതിയിരിക്കുകയായിരുന്നു കുടുംബം. മകന്‍ രാഹുലിനോടും പിതാവ് ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

ടെക്‌നോപാര്‍ക്ക് യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരായ അജിത് ഗുപ്ത, അരുണ്‍ നകുലന്‍, രാജലക്ഷ്മി എന്നിവര്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തുകയും അവിടെ ചികിത്സയില്‍ കഴിയുന്ന ലതയെ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ലത മധ്യപ്രദേശിലെ സുല്‍ത്താന്‍പുരെന്ന സ്ഥലവും മക്കളുടെയും ഭര്‍ത്താവിന്റെയും പേരും മറ്റുവിവരങ്ങളും ഇവരോടുപറഞ്ഞത്. തുടര്‍ന്ന് അജിത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍പുരിലെ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു.

അവിടെയുള്ള ബീര്‍ബല്‍ എന്ന പോലീസുകാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവിനെ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന മലയാളിയായ മാത്യുവിന്റെ സഹായത്തോടെ ഇവരെ നാട്ടില്‍ എത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com