സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് 20 കഴുതപ്പുലികള്‍, മരണം മുഖാമുഖം കണ്ട നിമിഷത്തില്‍ ഓടിയെത്തി കൂട്ടുകാരന്‍, ട്വിസ്റ്റ് ; വൈറലായി വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2018 12:33 AM  |  

Last Updated: 05th December 2018 12:33 AM  |   A+A-   |  

 

കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. വന്യജീവികളില്‍ ഏറ്റവും അപകടകാരിയും ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ജീവിയുമായ സിംഹത്തിന് മുന്നില്‍പ്പെട്ടാല്‍ ജീവന് രക്ഷയില്ല എന്നാണ് ചൊല്ല്. എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ കാട്ടുപോത്തുകള്‍ പോലുളള വലിയ ജീവികള്‍ സിംഹത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാറുണ്ട്. എന്നാല്‍ കൂട്ടമായെത്തി സിംഹങ്ങളെ വരെ തുരുത്താന്‍ ശേഷിയുളള ജീവികളാണ് കഴുതപ്പുലികള്‍. കൂട്ടമായി എത്തുന്ന കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റപ്പെട്ടു പോകുന്ന സിംഹങ്ങള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല.കഴിഞ്ഞ ദിവസം ബിബിസി ഇതുമായി ബന്ധപ്പെട്ട് പുറത്തു വിട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തംരഗമായി മാറിയിരിക്കുകയാണ്. 

20 ഓളം വരുന്ന കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റയാനായി പൊരുതുന്ന റെഡ് എന്ന് പേരുളള ആഫ്രിക്കന്‍ സിംഹത്തിന്റെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വിഡിയോ ആണ് ബിബിസി പുറത്തു വിട്ടത്. റെഡിനെ വളഞ്ഞിട്ടാണ് കഴുതപ്പുലികള്‍ ആക്രമിച്ചത്. ചെറുത്തു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ടാറ്റു എന്നൊരു കൂട്ടുകാരന്‍ സിംഹം ഇല്ലെങ്കില്‍ റെഡ് കഴുതപ്പുലികളുടെ ഭക്ഷണമായി മാറിയേനേ.  ലോകപ്രശസ്ത വന്യജീവി മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ആറ്റണ്‍ബറോയുടെ ശബ്ദത്തിലുളള വിഡിയോ സമൂഹമാധ്യമങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

 ടാറ്റുവെത്തിയതോടെ റെഡിന് ആത്മവിശ്വാസമായി. ഒറ്റക്കെട്ടായി സിംഹങ്ങള്‍ കഴുതപ്പുലികള്‍ക്കു നേരെ തിരിയുന്ന കാഴ്ചയായിരുന്നു പിന്നീട്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട കഴുതപ്പുലികള്‍ ജീവനും കൊണ്ടും രക്ഷപ്പെട്ടു. ജീവന്‍ തിരികെ കിട്ടിയ റെഡ് ടാറ്റുവിന് അരികില്‍ ഓടിയെത്തി മുഖമുരുമ്മി നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്ന സൗഹൃദ കാഴ്ച ഏവരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്.
 

TAGS
lion