ആദ്യം ബിഎംഡബ്ല്യൂ കാര്‍ മൂര്‍ഖന് മുകളിലുടെ കയറി, ചത്തെന്ന് കരുതിയിരിക്കുമ്പോള്‍ കാറിനുളളില്‍ പത്തിവിടര്‍ത്തി പ്രത്യക്ഷപ്പെട്ടു; യുവവ്യവസായികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ( വീഡിയോ) 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd December 2018 08:04 AM  |  

Last Updated: 22nd December 2018 08:04 AM  |   A+A-   |  

 

ചെന്നൈ: കാര്‍ ഓടിക്കുന്നതിനിടെ അവിചാരിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താകും പ്രതികരണം. ഒന്നെങ്കില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍പ്പെടാം. അല്ലാത്ത പക്ഷം മനസാന്നിധ്യം കൈവിടാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കും. ഇത്തരത്തില്‍ പത്തിവിടര്‍ത്തി നിന്ന മൂര്‍ഖന്റെ മുന്‍പില്‍ ധൈര്യം കൈവിടാതെ പിടിച്ചുനിന്ന തമിഴ്‌നാട്ടില്‍ നിന്നുളള രണ്ട് യുവവ്യവസായികളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പാമ്പിനെ കാറിനുള്ളില്‍നിന്ന് പുറത്തെടുക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.  

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുപ്പൂരില്‍നിന്ന് മധുരയിലേക്കുളള യാത്രയിലായിരുന്നു ഇരുവരും. അതിനിടെയാണ് റോഡിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്ന പാമ്പിനു മുകളിലൂടെ അവരുടെ ബിഎംഡബ്ല്യൂ കാര്‍ കയറിയത്. പാമ്പ് ചത്തെന്നു കരുതി ഇരുവരും യാത്ര തുടര്‍ന്നു. 

കാര്‍ കയറിയപ്പോള്‍ പാമ്പ് ചത്തിരുന്നില്ല. പകരം പാമ്പ് ടയറിലൂടെ കാറിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. ആദ്യത്തെ തവണ പാമ്പിനെ കണ്ടപ്പോള്‍ ഇരുവരും അഗ്‌നിരക്ഷാസേനയെ വിളിക്കുകയും കാര്‍ പരിശോധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. 

എന്നാല്‍ വീണ്ടും യാത്ര തുടര്‍ന്നതോടെ പാമ്പ് രണ്ടാമതും പ്രത്യക്ഷപ്പെട്ടു. അതോടെ വ്യവസായികള്‍ ഇരുവരും കാറുമായി ബി എം ഡബഌൂവിന്റെ സര്‍വീസ് സെന്ററിലെത്തി. തുടര്‍ന്ന് കാറിന്റെ മുന്‍ടയറുകള്‍ നീക്കം ചെയ്യുകയും ബമ്പര്‍ ഇളക്കിമാറ്റുകയും ചെയ്ത ശേഷം പാമ്പിനെ പുറത്തിറക്കാനുള്ള ശ്രമം നടത്തി. പാമ്പുപിടുത്തക്കാരനെയും ജീവനക്കാര്‍ സര്‍വീസ് സെന്ററിലേക്ക് വിളിച്ചു. തുടര്‍ന്ന് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു

 

TAGS
snake