അഞ്ച് അടി ഏഴ് ഇഞ്ച് നീളമുളള മുടി; ഗുജറാത്തി പെണ്‍കുട്ടിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്, മുടിയുടെ രഹസ്യം വെളിപ്പെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2018 05:02 PM  |  

Last Updated: 24th December 2018 05:11 PM  |   A+A-   |  

 

അഹമ്മദാബാദ്: ലോകത്ത് കൗമാരക്കാരില്‍ ഏറ്റവും നീളമുളള മുടിയുടെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഗുജറാത്തി പെണ്‍കുട്ടിക്ക്.പത്തുവര്‍ഷം നീണ്ട മുടിപരിപാലനത്തിന് ഒടുവിലാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോഡ് എത്തിയത്.അര്‍ജന്റീന സ്വദേശിയുടെ പേരിലുളള റെക്കോഡാണ് പെണ്‍കുട്ടി തിരുത്തിക്കുറിച്ചത്. 

അഞ്ച് അടി ഏഴ് ഇഞ്ച് നീളമുളള മുടി വളര്‍ത്തിയതിന് നിലാന്‍ഷി പട്ടേലാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. ആറാം വയസ്സില്‍ തനിക്ക് ഉണ്ടായ ദുരനുഭവമാണ് മുടി നീട്ടിവളര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അക്കാലത്ത് തന്റെ മുടി മുറിച്ചത് അഭംഗിക്ക് കാരണമായി എന്ന് കരുതി വേദനിച്ചതായും നിലാന്‍ഷി പട്ടേല്‍ പറയുന്നു. തുടര്‍ന്ന് ഇനി മുടിവെട്ടില്ലെന്ന ദൃഡനിശ്ചയം നേട്ടത്തിന് കാരണമായതായി  പെണ്‍കുട്ടി വ്യക്തമാക്കി. 

കൂടാതെ മുടിയുടെ രഹസ്യവും പെണ്‍കുട്ടി വെളിപ്പെടുത്തി. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് താന്‍ മുടി കഴുകാറ് എന്ന് വിശദീകരിച്ച പെണ്‍കുട്ടി തന്റെ മുടിയുടെ പരിപാലനത്തിന് അമ്മ ഏറെ സഹായിച്ചതായും പറഞ്ഞു. മുടി ഉണക്കുന്നതിന് അരമണിക്കൂര്‍ സമയം എടുക്കാറുണ്ട്. മുടി ചീകി ഒതുക്കുന്നതിന് ഒരു മണിക്കൂര്‍ വരെ സമയം എടുക്കാറുളളതായും പെണ്‍കുട്ടി വ്യക്തമാക്കി. നീളമുളള മുടി തനിക്ക് ഒരു വിധത്തിലുളള ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നും സാധാരണ രീതിയില്‍ കളികളിലും മറ്റും ഏര്‍പ്പെടാന്‍ സാധിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.