ജുറാസിക് കാലത്തു നിന്നൊരു തവളയുടെ ഫോസില്‍ ആംബറിനുള്ളില്‍ 

ഇതുവരെ ലഭിച്ച തവള ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്
ജുറാസിക് കാലത്തു നിന്നൊരു തവളയുടെ ഫോസില്‍ ആംബറിനുള്ളില്‍ 

ലണ്ടന്‍: ഏകദേശം പത്തുകോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന തവളയുടെ ഫോസില്‍ മ്യാന്‍മാറില്‍ കണ്ടെത്തി. ആമ്പറിനുള്ളില്‍ സൂക്ഷിക്കപ്പെട്ട നിലയിലാണ് ഫോസില്‍ കണ്ടെത്തിയത്. ഇത് ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന തവളയുടെ ഫോസിലാണെന്നാണ് വിലയിരുത്തല്‍. 

ഇതുവരെ ലഭിച്ച തവള ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദിനോസറുകള്‍ ജീവിച്ചിരുന്ന അവസാന കാലമായ ക്രെട്ടേഷ്യസ് പിരീഡിലുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഈ കുഞ്ഞു തവളയെന്നാണ് നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഫോസിലിന് 9.9 കോടി വര്‍ഷം പഴക്കം കാണുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇത്രയും ചെറിയ ജീവിയുടെ ഫോസില്‍ വളരെ അപൂര്‍വ്വമായി മാത്രം കേട്ടിട്ടുള്ളതാണെന്നും ചെറിയ അസ്ഥികളാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്തെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ത്രിമാന രൂപത്തിലാണ് ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. 

പ്രത്യേക രൂപമൊന്നുമില്ലാതിരുന്നതിനാല്‍ ആദ്യഘട്ട പരിശോധനയില്‍ തവളയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്നാല്‍ വിശദമായ പരിശോധനയില്‍ ഒരിഞ്ച് മാത്രം വലിപ്പമുള്ള ചെറുതവളയാണ് ഇതെന്ന് വെളിപ്പെടുകയായിരുന്നു. രണ്ട് മുന്‍ കാലുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത് വ്യക്തമായത്. പുതുതായി ലഭിച്ച ഫോസിലില്‍ നടത്തിയ പഠനത്തില്‍ തവളകള്‍ മഴക്കാടുകളിലും ജീവിച്ചിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ലഭിച്ച നാലുകോടി വര്‍ഷം പഴക്കമുള്ള 
തവളയുടെ ഫോസിലായിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും പഴക്കമേറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com