ലോകത്തെ അമ്പരിപ്പിച്ച ചുരുളന്‍മുടിക്കാരി ബാസ് ഗിറ്റാറുമേന്തി വരുന്നു കൊച്ചിയിലേയ്ക്ക് 

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാസ് ഗിത്താറിസ്റ്റുകളില്‍ ഒരാളാണ് മോഹിനി ദേ, തീര്‍ച്ചയായും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാസ് ഗിത്താറിസ്റ്റ്
ലോകത്തെ അമ്പരിപ്പിച്ച ചുരുളന്‍മുടിക്കാരി ബാസ് ഗിറ്റാറുമേന്തി വരുന്നു കൊച്ചിയിലേയ്ക്ക് 

ലോകത്തെ മറ്റേതാരു ബാസ് ഗിത്താറിസ്റ്റിന്റേയും രൂപഭാവങ്ങളാണ് മോഹിനിയ്ക്കും. ചുരുളന്‍ മുടി, അലസമായ കണ്ണുകള്‍, ചടുലമായ വിരലുകള്‍, നിറയെ കീറലുകളുള്ള ജീന്‍സ്, എന്നാല്‍ ടീനേജുപ്രായത്തിലുള്ള തുടക്കക്കാരായ ഏതൊരു ഗിത്താറിസ്റ്റും സ്വപ്നം കാണുന്ന മറ്റൊന്നുണ്ട് മോഹിനിയ്ക്ക്, ഗിത്താര്‍ സ്ട്രിങ്‌സില്‍ കൈവിരല്‍ തൊട്ടാല്‍ ഇരമ്പിയാര്‍ക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍. പക്ഷെ മോഹിനിയ്ക്ക് പ്രായം വെറും 21 വയസാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാസ് ഗിത്താറിസ്റ്റുകളില്‍ ഒരാളാണ് മോഹിനി ദേ, തീര്‍ച്ചയായും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാസ് ഗിത്താറിസ്റ്റ്. ഈ വരുന്ന 12ാം തീയതി മോഹിനി ദേ കൊച്ചിയിലേയ്ക്ക് എത്തുകയാണ, അതും ഗുരുസ്ഥാനീയനായ സാക്ഷാല്‍ എ ആര്‍ റഹ്മാന്റെ കൈപിടിച്ച്. കൊച്ചിയില്‍  സംഘടിപ്പിക്കുന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ മലയാളികള്‍ക്ക് മോഹിനി ദേയുടെ പ്രകടനം നേരില്‍ കാണാം.

മുംബൈക്കാരി മോഹിനിയെ ബാസ് ഗിറ്റാറിന്റെ ലോകത്തേയ്ക്ക് എത്തിച്ചത് ആരെന്നുചോദിച്ചാല്‍ ഉത്തരമായി ഒരു പേരുമാത്രം, അച്ഛന്‍ സുജോയ് ദേ. ബോളിവുഡ് സംഗീതസംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സുജോയ് നന്നേ ചെറുപ്പം മുതല്‍ മോഹിനിയെ തനിക്കൊപ്പം സ്റ്റുഡിയോയിലേക്ക് കൂട്ടുമായിരുന്നു. അങ്ങനെ ഒരു ദിവസമാണ് സുജോയ് മോഹിനിയുടെ ചെവിയില്‍ ഹെഡ്‌ഫോണ്‍ വച്ചുകൊടുത്തത്. അന്ന് മോഹിനിക്ക് മൂന്നു വയസ്സ് തികയുന്നതേ ഒള്ളു. അച്ഛന്‍ ചെയ്യുന്ന ജോലി മകള്‍ ആസ്വദിക്കട്ടെ എന്നുകരുതിയാണ് സുജോയ് ഹെഡ്‌ഫോണ്‍ വച്ചുനല്‍കിയത്. എന്നാല്‍ മൂന്നുവയസ്സുകാരി മോഹിനി കേള്‍ക്കുന്ന ഈണത്തിനനുസരിച്ച് താളം പിടിക്കുന്നതുകണ്ടപ്പോഴാണ് സുജോയ്ക്ക് മകളുടെ സംഗീതാഭിരുചി മനസിലായത്. അപ്പോള്‍ സുജോയുടെ മനസില്‍ തോന്നിയ ആഗ്രഹമാണ് മകളെ ബാസ് ഗിറ്റാറിസ്റ്റ് ആക്കാമെന്നത്. രാജ്യത്ത് ബാസ് ഗിറ്റാര്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ ആരുംതന്നെയില്ല, അപ്പോള്‍ എന്തുകൊണ്ട് അതില്‍ ഒരു കൈ നോക്കിക്കൂടാ... ഇന്ന് രാജ്യവും കടന്ന് ലോകമെമ്പാടും പ്രശസ്തയായ മോഹിനി എന്ന ബാസ് ഗിറ്റാറിസ്റ്റ് ജന്മമെടുത്തത് ഈ ചിന്തയില്‍ നിന്ന്. 

സുജോയ് സ്വന്തമായി തടികൊണ്ടുള്ള ഒരു ചെറിയ ബാസ് ഗിറ്റാര്‍ മകള്‍ക്കായി നിര്‍മിച്ചു നല്‍കി. മകളുടെ ഈ ഇഷ്ടത്തെ വളര്‍ത്താനായി മോഹിനി വീട്ടില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ അത് ഷൂട്ട് ചെയ്ത് കാണിക്കുമായിരുന്നു. ചെറുപ്രായത്തില്‍ ഇതെല്ലാം മോഹിനിയെ ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു. 

ആദ്യമായി ഒരു യഥാര്‍ത്ഥ ഗിറ്റാര്‍ ലഭിച്ചപ്പോള്‍ മോഹിനിക്ക് പത്ത് വയസ്സ്. അതും ഫെന്‍ഡര്‍ ജാസ് ബാസ് ഗിറ്റാര്‍. ഇതിനിടയില്‍ അച്ഛന്റെ ചില വര്‍ക്കുകളില്‍ ഒപ്പം കൂടിയ കൊച്ചുമോഹിനി കൈയ്യടി നേടിത്തുടങ്ങി. പ്രശസ്ത സംഗീതജ്ഞന്‍ രഞ്ജിത് ബാരട്ടുമായുള്ള കൂടികാഴ്ചയാണ് മോഹിനിയുടെ ജീവിതത്തിലെ ആദ്യ വഴിതിരിവാകുന്നത്. ബാരട്ടിനെ അത്ഭുതപ്പെടുത്തിയ അന്നത്തെ പ്രകടനം പിന്നീടുള്ള തന്റെ ലൈവ് പരിപാടികളില്‍ മോഹിനിയെ ഒപ്പം കൂട്ടാനുള്ള തീരുമാനത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്. 

മുംബൈയിലെ ലൈവ് വേദികളില്‍ പിന്നീട് മോഹിനി ഒരു സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. അവിടുന്നങ്ങോട്ട് മോഹിനി ദേ പ്രശസ്ത സംഗീതജ്ഞരുടെ ഒപ്പം തകര്‍ത്താടുന്നതാണ് ലോകം കണ്ടത്. സക്കീര്‍ ഹുസൈന്‍, ലൂയിസ് ബാങ്ക്‌സ്, നിതിന്‍ സൗനി, നിലാദ്രി കുമാര്‍, ഫ്‌ളോയിഡ് ഫെര്‍ണാണ്ടസ് തുടങ്ങി ലോകം കണ്ട പ്രശസ്തര്‍ക്കൊപ്പമെല്ലാം വേദിയിലെത്തി. എ ആര്‍ റഹ്മാനുവേണ്ടി ആദ്യം ചെയ്ത വര്‍ക്കിനെ അഭിനന്ദിച്ച് അദ്ദേഹം നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഓസ്‌ട്രേലിയന്‍ ബാസ് ഗിറ്റാറിസ്റ്റ് ടാള്‍ വില്‍കെന്‍ഫെഡിനെ ഒപ്പം കൂട്ടാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് റഹ്മാന്‍ മോഹിനിയുടെ ടാലന്റ് ആദ്യമായി കണ്ടത്, അതിനുശേഷം റഹ്മാന് പിന്നീടൊന്ന് ആലോചിക്കേണ്ടിവന്നില്ല, മോഹിനിയെ തന്നോടൊപ്പം വേദികളിലേക്ക് കൂട്ടി.  മൂന്ന് വര്‍ഷം മുമ്പ് റഹ്മാനൊപ്പം നോര്‍ത്ത് അമേരിക്കന്‍ വേദികളില്‍ ഒരു മാസത്തെ സംഗീതയാത്ര നടത്തിയപ്പോള്‍ മോഹിനിക്ക് 18വയസ്സായിരുന്നു. ഇന്ന് അതേ റഹ്മാനൊപ്പം മോഹിനി കേരളത്തിലേക്കെത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com