'ഡ്രൈവര്‍ക്ക് ഉറക്കം ഉണ്ടോന്നും വിശക്കുന്നുണ്ടോന്നും കൂടി അറിയാനുള്ള യന്ത്രം പൊലീസിന്റെ കയ്യില്‍ വേണം'

'ഡ്രൈവര്‍ക്ക് ഉറക്കം ഉണ്ടോന്നും വിശക്കുന്നുണ്ടോന്നും കൂടി അറിയാനുള്ള യന്ത്രം പൊലീസിന്റെ കയ്യില്‍ വേണം'
'ഡ്രൈവര്‍ക്ക് ഉറക്കം ഉണ്ടോന്നും വിശക്കുന്നുണ്ടോന്നും കൂടി അറിയാനുള്ള യന്ത്രം പൊലീസിന്റെ കയ്യില്‍ വേണം'


ത്രയൊക്കെ ബോധവത്കരിച്ചാലും അലക്ഷ്യവും അലസുമായ ഡ്രൈവിങ് മൂലമുണ്ടാവുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ് നാട്ടില്‍. ഓരോ അപകടം നടക്കുമ്പോഴും ഇത്തരം ചര്‍ച്ചകള്‍ സജീവമാവും, പിന്നെ കെട്ടടങ്ങും. അതാണ് പതിവ്. ഈ പശ്ച്ാത്തലത്തില്‍ പ്രസക്തമാവുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരിയുടെ ഈ കുറിപ്പ്. ഒരു യാത്രയ്ക്കിടെ ഡ്രൈവറുമായി നടത്തിയ സംഭാഷമാണ് കുറിപ്പിലുള്ളത്. 

രഘുനാഥ് പലേരി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്: 


കഴിഞ്ഞ ദിവസം ഒരു സിനിമാ ചിത്രീകരണം നടക്കുന്നിടത്തു നിന്നും വരുകയായിരുന്നു. രാത്രിക്ക് കുറച്ചു പ്രായമായ നേരം. ചിന്നം പിന്നം മഴ. സോഡിയം വിളക്കില്‍ നേരിയ മഴ നൂലുകള്‍ക്ക് കാഞ്ചീപുരം പട്ടിന്റെ പ്രഭ. നാലും കൂടിയ വഴിയില്‍ ചുകന്ന വെളിച്ചിത്തില്‍ എത്തുമ്പോഴേക്കും മഴ നേര്‍ത്തു. പട്ട് മാഞ്ഞു. യാത്രാനുവാദം കിട്ടാതെ ഏതാനും വാഹനങ്ങള്‍ കൂടി നില്‍ക്കുന്നു. സാവകാശമാണ് ശ്രദ്ധിച്ചത്. മുന്നില്‍ ഒരുപിടി പോലീസുകാര്‍. കയ്യില്‍ മദ്യപന് ഊതാനുള്ള കുഞ്ഞു യന്ത്രം. ഞാന്‍ വണ്ടി ഓടിക്കുന്ന ക്ഷീണിതനോട് ചോദിച്ചു. 
''ഊതീട്ട് പോവാം അല്ലേ.'' 
അവന്‍ ചിരിച്ചു.
മുന്നിലേക്ക് വന്ന യന്ത്രത്തില്‍ ആത്മവിശ്വാസത്തോടെ ഊതി.
യന്ത്രം ശാന്തം.
പോലീസ് അടുത്ത മുഖത്തിന് നേരെ നീങ്ങി.

വാഹനം മുന്നോട്ടെടുക്കേ ക്ഷീണിതന്‍ പറഞ്ഞു.
''വളരെ നല്ല കാര്യമാണ്. മദ്യപിച്ച് വാഹനം ഓടിച്ച് എത്രയാ അപകടങ്ങള്‍. ഞാനും ഒരിക്കല്‍ പെട്ടിട്ടുണ്ട്.''
''നീ കുടിച്ച് ഓടിച്ചോ..?''
''ഞാനല്ല കുടിച്ചത്. ഓടിച്ച ആള്‍.''

അവന്റെ വാക്കുകളില്‍ നിന്നും ഞാനാ അപകടം മനസ്സില്‍ കണ്ടു. ഇന്നോവ വാഹനം. അഞ്ചുപേരില്‍ അവനും. ഓടിക്കാമെന്ന് പറഞ്ഞിട്ടും അവനെ സമ്മതിച്ചില്ല. ഓടിക്കുന്നവന്‍ കരാട്ടെ ബ്ലൂ ബെല്‍റ്റ് ആയിരുന്നു, തലയിലേക്ക് കയറിയ ലഹരി കാരണം എവിടെയോ നീല ബെല്‍റ്റ്കാരന്‍ ലൂസായതും കരാട്ടെ അറിയാത്ത ഇന്നോവ മുന്ന് മലക്കം മറിഞ്ഞ് നിരത്തില്‍ നിന്നും തെന്നി ഇനി വയ്യെന്ന് പറഞ്ഞ് വയലിലേക്ക് ഒതുങ്ങി കിടന്നു.

ഇന്നോവ വേഗം റിപ്പയര്‍ ചെയ്തു കിട്ടി. കുലുങ്ങി ത്തരിച്ച് ബോധം പോയി ഒതുങ്ങിയവര്‍ റിപ്പയര്‍ കഴിഞ്ഞിറങ്ങാന്‍ രണ്ടു വര്‍ഷത്തോളം എടുത്തു.
എന്നാലും അത്രക്കങ്ങട്ട് വൃത്തിയായില്ല.

വിശപ്പ് കാരണം തട്ടു കടക്ക് മുന്നില്‍ നിര്‍ത്തി ദോശ പറഞ്ഞ് അവന്‍ ഇടം കൈ കാണിച്ചു തന്നു. ഒരു ചെറിയ വളവ്. വളവില്‍ പതിയെ തടവി നോക്കിയപ്പോള്‍ കൈ മുട്ടിന്നരികിലായി ഒരു ഹമ്പും. 
ആശ്വാസത്തിനായി ഒന്നു കെട്ടിപ്പിടിച്ചു.
ഓര്‍മ്മകള്‍ വേദനിപ്പിക്കുമ്പോള്‍ അതല്ലാതെ വേറെ ഫസ്റ്റ് എയ്ഡ് ഒന്നും ഇല്ലല്ലൊ.

വീണ്ടും ദോശക്ക് പാത്രം നീട്ടുമ്പോള്‍ അവന്‍ ഒന്നു കൂടി പറഞ്ഞു.
''മദ്യം മാത്രം അല്ല സാറേ. ഉറക്കവും വിശപ്പും പ്രശ്‌നമാണ്. െ്രെഡവര്‍ക്ക് ഉറക്കം ഉണ്ടോന്നും വിശക്കുന്നുണ്ടോന്നും കൂടി അറിയാനുള്ള യന്ത്രം പൊലീസിന്റെ കയ്യില്‍ വേണം. ഊതിയാല്‍ അതും കൂടി യന്ത്രം വിളിച്ചു പറയണം. ഉറക്കം ഉണ്ടെങ്കില്‍ അന്നേരം തന്നെ പിടിച്ചിറക്കി ഉറങ്ങാന്‍ പറയണം. വിശപ്പുണ്ടെന്ന് യന്ത്രം പറഞ്ഞാല്‍, പൈസ ഇല്ലെങ്കില്‍, രണ്ട് പറയോട്ടയെങ്കിലും ജീപ്പീന്ന് എടുത്തു കൊടുക്കണം.''
അത് തികച്ചും സത്യസന്ധമായൊരു അപേക്ഷയാണെന്ന് എനിക്കും തോന്നി. 
വഴിയുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com