ഡാന്‍സ് കളിച്ചോളൂ, പക്ഷേ റോഡില്‍ വേണ്ട: ടിക് ടോകിനെതിരെ കേരള പൊലീസ്

അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം തലതിരിഞ്ഞ ആഘോഷങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.
ഡാന്‍സ് കളിച്ചോളൂ, പക്ഷേ റോഡില്‍ വേണ്ട: ടിക് ടോകിനെതിരെ കേരള പൊലീസ്

ഡാന്‍സും പാട്ടുമെല്ലാം കൊള്ളാം. പക്ഷേ സ്റ്റേജ് റോഡാണെങ്കില്‍ എന്ത് ചെയ്യും. അതും പാഞ്ഞ് വരുന്ന വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറി ആണെങ്കിലോ.. ടിക് ടോക് (മ്യൂസിക്കലി) വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടി കാണിക്കുന്ന സാഹസങ്ങളാണ് ഇവയൊക്കെ. ചെറുപ്പക്കാരും പ്രായമുളളവരുമെല്ലാം ഇപ്പോള്‍ ഈ ആപ്ലിക്കേഷന്‍ വഴിയാണ് തങ്ങളുടെ കഴിവ് തെളിയിക്കുന്നത്.

പക്ഷേ ഇത് കുറച്ച് കൂടിപ്പോയി. അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം തലതിരിഞ്ഞ ആഘോഷങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്. പാഞ്ഞുവരുന്ന ബസിന്റെയും മറ്റ് വാഹനങ്ങളുടെയും മുന്നിലേക്ക് മുഖം മറച്ച് മരച്ചില്ലകളുമായി ചാടി ജാസി ഗിഫ്റ്റിന്റെ ഹിറ്റ് സോങ്ങായ 'നില്ലെ നില്ലെ..' എന്ന പാട്ടിനനുസരിച്ച് ചുവടുവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ ദിനംപ്രതി നിറയുന്നത്. 

ഈ വീഡിയോ അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രോളുകളിലൂടെ ജനങ്ങളോട് സംവദിക്കുന്ന കേരളാ പോലീസ് ട്രോള്‍ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്, അപായകരമായ അനുകരണങ്ങള്‍ വേണ്ട എന്ന തലക്കെട്ടിലാണ് പോലീസിന്റെ സന്ദേശവും വീഡിയോയും. 

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
 

അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്; അപായകരമായ അനുകരണങ്ങള്‍ വേണ്ട ..

ഫേസ്ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകള്‍. വീഡിയോ പോസ്റ്റുകള്‍ അതിവേഗം വൈറല്‍ ആകുന്നതുകൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ നടത്തുന്നു. 

ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം Ticktok ല്‍ ബാക്ഗ്രൗണ്ടാക്കി കൈയ്യില്‍ കാട്ടു ചെടിയോ തലയില്‍ ഹെല്‍മെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെന്‍ഡ് ആക്കി ധാരാളം അനുകരണങ്ങള്‍ നടന്നു വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കില്‍ പിന്നീടത് പ്രൈവറ്റു വാഹനങ്ങള്‍ക്കും ഫോര്‍ വീലറുകള്‍ക്കുo മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോള്‍. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണ്. 

ഇങ്ങനെ വാഹനത്തിനു മുന്നില്‍ എടുത്തു ചാടുമ്പോള്‍ വാഹനത്തിനു ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. വന്‍ദുരന്തങ്ങള്‍ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓര്‍ക്കുക.. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com